ഓസ്‌കാറിലെ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാന്‍ ഡോ. ബിജു ചിത്രം പപ്പ ബുക്ക. പപ്പുവ ന്യൂ ഗിനി ഇന്ത്യ സംയുക്തനിര്‍മാണത്തിലുള്ള ചിത്രം പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌കറിലെ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ഒരു പസഫിക് രാഷ്ട്രത്തിന്റെ ചിത്രം എന്ന പ്രത്യേകതയും പപ്പ ബുക്കയ്ക്കുണ്ട്.
പപ്പുവ ന്യൂഗിനിയയുടെ ടൂറിസം ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ മിനിസ്റ്റര്‍ ബെല്‍ഡണ്‍ നോര്‍മന്‍ നമഹ്, പപ്പുവ ന്യൂ ഗിനിയ നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനിയ ഓസ്‌കാര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡോണ്‍ നൈല്‍സ് എന്നിവർ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വെയില്‍മരങ്ങള്‍, പേരറിയാത്തവര്‍, അദൃശ്യ ജാലകങ്ങള്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളില്‍ ശ്രദ്ധേയമായ ഒരപിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഡോ . ബിജുവിന്റെ സംവിധിനത്തില്‍ പിറന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ്. ഓസ്‌കാറിനായി ആദ്യമായാണ് പപ്പുവ ന്യൂ ഗിനിയ ഒരു സിനിമ സമര്‍പ്പിക്കുന്നത്. പപ്പുവ ന്യൂ ഗിനിയില്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ പപ്പുവ ന്യൂ ഗിനിയന്‍ ഭാഷയായ ടോക് പിസിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിട്ടുള്ള റിക്കി കേജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.