ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ പറയുന്നതെന്തും ആളുകള്‍ അന്ധമായി പിന്തുടരരുതെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് എഐ ടൂളുകള്‍ക്കും തെറ്റുകള്‍ പറ്റാമെന്നും അതോടൊപ്പം മറ്റു വഴികള്‍ കൂടി തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചത്. ‘എഐ ബബിള്‍ ബേസ്റ്റ്’ (AI bubble burst) സംഭവിച്ചാല്‍ പിന്നീട് ഒരു കമ്പനികളും അതില്‍ നിന്ന് മോചിതരാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സുന്ദര്‍ പിച്ചൈ മുന്നറിയിപ്പും നല്‍കി.
2025 മെയ് മാസം മുതലാണ് ജെമിനി ചാറ്റ് ബോട്ട് ഉപയോഗിച്ച് ഗൂഗിള്‍ ‘എഐ മോഡ്’ എന്ന സങ്കേതം ആരംഭിച്ചത്. ഒരു വിദഗ്ധനോട് എന്ന പോലെ സംസാരിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ ടൂള്‍. ഗൂഗിളിന്റെ കണ്‍സ്യൂമര്‍ എഐ മോഡലായ ‘ജെമിനി 3.0’ ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കമ്പനി ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
‘നിങ്ങള്‍ക്ക് എന്തെങ്കിലും സൃഷ്ടിപരമായി എഴുതണമെങ്കില്‍ എഐ ഉപകരണങ്ങള്‍ സഹായകരമാണെങ്കിലും ആളുകള്‍ അവയെ അന്ധമായി വിശ്വസിക്കരുത്. പകരം അവര്‍ക്ക് കഴിവുള്ള കാര്യങ്ങള്‍ക്കായി ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കണം. കഴിയുന്നത്ര കൃത്യമായ വിവരങ്ങള്‍ നല്‍കാനായി ഞങ്ങള്‍ നടത്തുന്ന പരിശ്രമത്തില്‍ അഭിമാനമുണ്ട്. പക്ഷേ, നിലവിലെ അത്യാധുനിക എഐ സാങ്കേതിക വിദ്യ ചില പിശകുകള്‍ക്ക് സാധ്യതയുള്ളതാണ്,’ സുന്ദര്‍ പിച്ചൈ ബിബിസിയോട് പറഞ്ഞു

