നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എ.ഡി.’യുടെ ഒടിടി പതിപ്പില്‍ നിന്നും നടി ദീപിക പദുക്കോണിന്റെ പേര് ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ സുമതി എന്ന സുപ്രധാനമായ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. അത്രയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ പേര് നീക്കം ചെയ്തത് ഒട്ടും ശരിയായ നടപടിയല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്ന വിമര്‍ശനം. നേരത്തെ, കല്‍ക്കി രണ്ടാം ഭാഗത്തില്‍ നിന്നും ദീപികയെ പുറത്താക്കുന്നതായി നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചിരുന്നു.
ദിവസം എട്ട് മണിക്കൂര്‍ മാത്രമേ സിനിമയ്ക്കായി മാറ്റിവെക്കാന്‍ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനോട് ദീപിക അന്ന് പ്രതികരിച്ചത്, ”ഒരുപാട് പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് രഹസ്യമല്ല, പക്ഷെ അതൊന്നും തലക്കെട്ടായി മാറില്ല,” എന്നായിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെ ഒടിടി പതിപ്പില്‍ നിന്നും പേര് നീക്കം ചെയ്തത് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയാണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

