മെറ്റ എഐയുടെ പുത്തന്‍ ശബ്ദമായി ദീപിക പദുകോണ്‍. എഐയുടെ ശബ്ദമായി ദീപിക മാറിയതായുള്ള വാര്‍ത്ത താരം തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്റ്റുഡിയോയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയാണ് ദീപിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്ദമായി ദീപികയെ കേള്‍ക്കാനാകും. മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്റില്‍ ശബ്ദം നല്‍കാനായി അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക. എഐ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും പരിചിതമായൊരു ശബ്ദമായിരിക്കണം എന്നതിനാലാണ് ദീപികയെ മെറ്റ തിരഞ്ഞെടുത്തത്.
‘ഹായ്, ഞാന്‍ ദീപിക പദുകോണ്‍. ഞാനാണ് മെറ്റ എഐയിലെ ശബ്ദത്തിനുടമ. അതിനാല്‍ എന്റെ ശബ്ദത്തിനായി ടാപ്പ് ചെയ്യൂ’ എന്നു തുടങ്ങുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഇപ്പോള്‍ ഞാന്‍ എഐയുടെ ഭാഗമാണ്. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് എന്റെ ശബ്ദവുമായി ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാം’ എന്നും താരം പോസ്റ്റിന് താഴെ കുറിച്ചു.

