ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐഫോൺ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയായി ‘ഡാർക്ക് സോഡ്’ എന്ന ഹാക്കിങ് ടൂൾ ഓൺലൈനിൽ ചോർന്നു. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഈ ടൂൾ ഉപയോഗിച്ച് ഫോണിലെ സന്ദേശങ്ങൾ, പാസ്വേഡുകൾ, കോൾ ലോഗുകൾ എന്നിവ ചോർത്താൻ കഴിയുമെന്നാണ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പ്രധാനമായും ആപ്പിളിന്റെ പഴയ സോഫ്റ്റ്വെയർ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ഇത് ബാധിക്കും. iOS 18 ഉൾപ്പെടെയുള്ള പതിപ്പുകളിൽ ഈ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഗൂഗിളിലെ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. കോൺടാക്റ്റുകൾ, മെസേജുകൾ, ഗാലറിയിലെ ചിത്രങ്ങൾ, സേവ് ചെയ്ത പാസ്വേഡുകൾ എന്നിവ ഹാക്കർമാർക്ക് ഈ ടൂൾ വഴി കൈക്കലാക്കാം. ലോകത്താകമാനം 250 കോടിയിലധികം ആപ്പിൾ ഉപകരണങ്ങൾ ഉള്ളതിനാൽ ഈ ചോർച്ച വലിയൊരു സൈബർ ആക്രമണത്തിന് വഴിതെളിച്ചേക്കാം.
ആപ്പിൾ ഈ പ്രശ്നം സ്ഥിരീകരിക്കുകയും ഉപയോക്താക്കളോട് അവരുടെ ഡിവൈസുകൾ ഉടനടി അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ അപ്ഡേറ്റുകളിൽ ഇത്തരം ഹാക്കിങ് ടൂളുകളെ പ്രതിരോധിക്കാനുള്ള ഫീച്ചറുകൾ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതീവ സുരക്ഷ ആവശ്യമുള്ളവർ ഫോണിലെ ‘ലോക്ക്ഡൗൺ മോഡ്’ പ്രവർത്തനക്ഷമമാക്കുക.

