വിമർശനങ്ങൾ എന്നെ തളർത്തില്ല: പൃഥ്വിരാജ്

വിമർശനങ്ങൾ എന്നെ തളർത്തില്ല: പൃഥ്വിരാജ്

മലയാള സിനിമയിൽ സമാനതകളില്ലാത്ത പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘എമ്പുരാൻ’. ലൂസിഫറിന് ലഭിച്ചതുപോലെ ഏകകണ്ഠമായ പോസിറ്റീവ് അഭിപ്രായങ്ങൾ ലഭിച്ചില്ലെങ്കിലും, രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറി. നിലവിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് ‘എമ്പുരാന്റെ’ പേരിലാണ്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് മൂന്നാം ഭാഗമായ ‘എൽ 3’ നേരിടുന്ന പ്രധാന തടസ്സങ്ങളെക്കുറിച്ച് പൃഥ്വിരാജ് മനസ് തുറന്നത്. എമ്പുരാന് ലഭിച്ച വിമർശനങ്ങൾ തന്നെ പിന്നോട്ട് വലിപ്പിക്കില്ലെന്നും, സിനിമ ഇഷ്ടപ്പെടാത്തവർ ഉള്ളതുപോലെ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും പൃഥ്വി പറഞ്ഞു. എവിടെ ചെന്നാലും പ്രേക്ഷകർ ‘എൽ 3’യെക്കുറിച്ച് ചോദിക്കാറുണ്ട് എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ‘അസ്രയേൽ’ യാഥാർത്ഥ്യമാക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സ്വന്തം സമയമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാലിന്റെ സമയം തന്റെ സമയത്തേക്കാൾ വിലപ്പെട്ടതാണെന്നും, എങ്കിലും താൻ ഇതിനായി സമയം മാറ്റിവെക്കുക എന്നതാണ് പ്രധാന ചലഞ്ചെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം ചെയ്യാമെന്ന് ഏറ്റിട്ടുള്ള മറ്റ് പ്രോജക്ടുകളും കമ്മിറ്റ്‌മെന്റുകളും പൂർത്തിയാക്കിയ ശേഷമേ എൽ 3യുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്ന സൂചനയും പൃഥ്വി നൽകി.

administrator

Related Articles