സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാര്‍. കഴിഞ്ഞമാസം 25 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ധനകാര്യം തുടങ്ങിയ നിയന്ത്രിത വിഷയങ്ങളില്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിരുദമോ ലൈസന്‍സോ പോലുള്ള യോഗ്യതകള്‍ തെളിയിക്കണം. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുകയും തെറ്റിദ്ധാരണാജനകമായ ഉപദേശങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ചൈന അവകാശപ്പെടുന്നു.
ഡൗയിന്‍, വെയ്ബോ, ബിലിബിലി പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇനിമുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ആധികാരികമാണെന്നും ശരിയായ സോഴ്സുകള്‍ ഉദ്ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഏതെങ്കിലും പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിക്കുകയോ അല്ലെങ്കില്‍ എഐ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ക്രിയേറ്റേഴ്സ് അത് വ്യക്തമായി വെളിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, സപ്ലിമെന്റുകള്‍, ഹെല്‍ത്ത് ഫുഡ് തുടങ്ങിയവയുടെ മറഞ്ഞ പരസ്യങ്ങളും സൈബര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സി.എ.സി.) നിരോധിച്ചിട്ടുണ്ട്.

