ഓപ്പണ്‍ എഐ ഏറ്റവും പുതിയ മോഡല്‍ ജിപിടി 5 പുറത്തിറക്കിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. എന്നാല്‍, ജിപിടി4 ല്‍ നിന്ന് ജിപിടി5 ലേക്കുള്ള ചുവടുമാറ്റത്തില്‍ ഉപയോക്താക്കള്‍ സംതൃപ്തരല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡിറ്റ് ഉള്‍പ്പടെയുള്ള സമൂഹമാധ്യത്തിലൂടെയാണ് ഉപയോക്താക്കള്‍ അവരുടെ പരാതികള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
പഴയ മോഡലുകള്‍ തിരികെ കൊണ്ടുവരാന്‍ ഓപ്പണ്‍ എഐ തീരുമാനിക്കുന്നത് വരെ ഉപയോക്താക്കള്‍ അവരുടെ ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുകയും അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കമ്പനി പഴയ മോഡലുകള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്. എല്ലാ വിഷയങ്ങളിലും പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി5 നല്‍കുമെന്നും, ഒരു വിദഗ്ധനുമായി സംസാരിക്കുന്ന അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്നുമായിരുന്നു ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ വാദം. വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ഗെയിമുകള്‍, ഗവേഷണ സംഗ്രഹങ്ങള്‍, കലണ്ടര്‍ ഇവന്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവ എളുപ്പത്തില്‍ ചെയ്യുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ മോഡലുകളെ പോലെയല്ലാതെ ഹ്രസ്വവും സന്ദര്‍ഭോചിതമല്ലാത്തതുമായ മറുപടികള്‍ മാത്രം നല്‍കുന്ന ജിപിടി5 ജിപിടി4 നോളം മികച്ചതല്ലെന്നാണ് അഭിപ്രായം.
പരാതികള്‍ ഉയര്‍ന്നതോടെ ഓപ്പണ്‍ എഐ സിഇഒ നേരിട്ട് രംഗത്തെത്തി. ജിപിടി4 ഉപയോഗിക്കാനുള്ള സമയം നീട്ടുന്നതായും, സാങ്കേതിക തകരാര്‍ സംഭവിച്ചതിനാലാണ് ജിപിടി 5 ന് പ്രശ്‌നങ്ങള്‍ അനുഭവപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പഴയ മോഡലുകളെല്ലാം തിരികെ കൊണ്ടുവരണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.