ഇന്ത്യയില്‍ ചാറ്റ് ജിപിടി ഗോ ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാനൊരുങ്ങി ഓപ്പണ്‍ എഐ. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ചുവട് വായ്പ്പാണിത്. നവംബര്‍ 4 മുതലാകും ഇത് ലഭ്യമായി തുടങ്ങുക. ഓപ്പണ്‍എഐയുടെ ആദ്യത്തെ ‘ഡെവ്‌ഡെ എക്സ്ചേഞ്ച് ഇവന്റ്’ നടക്കുന്ന അന്നുതന്നെയാണ് സൗജന്യ ഓഫറും നിലവില്‍ വരുന്നത്. കൂടുതല്‍ മികച്ച ഫീച്ചറുകളും ടൂളുകളും വാഗ്ദാനം ചെയ്യുന്ന സബ്സ്‌ക്രിപ്ഷന്‍ പതിപ്പാണ് ചാറ്റ്ജിപിടി ഗോ. ഗൂഗിള്‍ തങ്ങളുടെ എഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായും പെര്‍പ്ലെക്സിറ്റി എയര്‍ടെലുമായി സഹകരിച്ച് തങ്ങളുടെ പ്രീമിയം പ്ലാനിലേക്ക് ഫ്രീ ആക്‌സസ് നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ എഐ വിപണി വിഹിതത്തിനായുള്ള മത്സരം ശക്തമായതോടെ ഓപ്പണ്‍എഐയും കളം പിടിക്കാനായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മാസം 399 രൂപ സബ്സ്‌ക്രിപ്ഷനില്‍ ലഭ്യമായിരുന്ന ചാറ്റ്ജിപിടിയുടെ മിഡ്-ടയര്‍ പ്ലാനായിരുന്നു ചാറ്റ്ജിപിടി ഗോ. ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്ന വഴി പ്ലാന്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും, ഫയലുകള്‍ അപ്ലോഡ് ചെയ്യാനും, വിശകലനം ചെയ്യാനും, ഉത്തരത്തില്‍ എത്താനുമെല്ലാം ഗോ പ്ലാന്‍ വഴി എളുപ്പത്തില്‍ കഴിയും.
കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള വിപണിയാണ് ഇന്ത്യ. ഇത് ഓപ്പണ്‍എഐ സിഇഓ സാം ആള്‍ട്ട്മാന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ചാറ്റ്ജിപിടി ഗോ ആദ്യമായി ലഭ്യമായിരുന്നതും ഇന്ത്യയില്‍ തന്നെയാണ്. പ്ലാന്‍ ഇന്ത്യയില്‍ എത്തിയ ആദ്യ മാസത്തിനുള്ളില്‍ തന്നെ രാജ്യത്ത് പണമടച്ചുള്ള ചാറ്റ്ജിപിടി വരിക്കാരുടെ എണ്ണം ഇരട്ടിയിലധികമാകുകയും, പിന്നീട് ലോകമെമ്പാടുമുള്ള വിപണികളിലേക്ക് ഗോ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഓപ്പണ്‍എഐയെ പ്രേരിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ക്ക് ഈ സേവനം ഉപയോഗപ്രദമാകാനും കൂടുതല്‍ പേരിലേക്ക് ചാറ്റ്ജിപിടി ഗോ എത്താനുമാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നതെന്ന് ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റായ നിക്ക് ടുര്‍ലേ വ്യക്തമാക്കി.

