ടിക്ടോക്ക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ടിക്ടോക്ക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ചൈന ആസ്ഥാനമായുള്ള ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന്റെ നിരോധനം നീക്കിയിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ രംഗത്തെത്തിയത്.

‘ടിക്ടോക്ക് നിരോധനം പിന്‍വലിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. അത്തരം പ്രസ്താവനകളും വാര്‍ത്തകളും തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്,’ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചത്. ടിക്‌ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോകോ, മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സോ പുറത്തുവിട്ടിരുന്നില്ല.

2020 ജൂണിലാണ് ടിക്ടോക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. ടിക്ടോക്, ഷെയര്‍ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, യുസി ന്യൂസ്, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്‌സ്, ഡ്യൂ ബാറ്ററി സേവര്‍ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് 2020ല്‍ നിരോധിച്ചത്. ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

administrator

Related Articles