തെലുഗു നടൻ സുഹാസ് പ്രധാന വേഷത്തിലെത്തുന്ന ‘ഹേ ഭഗവാൻ’ സിനിമയുടെ പേര് മാറ്റി. ‘ഹേ ബൽവന്ത്’ എന്നാണ് ചിത്രത്തിന് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ പേര് മാറ്റം.
മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം എന്ന ആശങ്ക മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പേരിലെ മാറ്റം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം ആളുകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പേരും അതിലെ ചില രംഗങ്ങളും വിശ്വാസികളുടെ വികാരങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന പരാതികളും വ്യാപകമായി ഉയർന്നു. പിന്നാലെയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ.
സിനിമയ്ക്ക് പ്രദർശനാനുമതി നൽകണമെങ്കിൽ പേര് മാറ്റണമെന്ന നിബന്ധന ബോർഡ് മുന്നോട്ടുവെച്ചതോടെ മറ്റ് മാർഗമില്ലാതെ അണിയറ പ്രവർത്തകർ സമ്മതിക്കുകയായിരുന്നു. പ്രതിഷേധങ്ങളെയും നിയമപരമായ തടസങ്ങളെയും ഒഴിവാക്കുന്നതിനായി പേര് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം പേര് മാറിയെങ്കിലും സിനിമയുടെ കഥയിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത്.

