ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍, ഈ വര്‍ഷം ഡിസംബറോടെ ഡല്‍ഹിയിലും മുംബൈയിലും 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിഎസ്എന്‍എല്ലിന്റെ 5ജി സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ വിജയകരമാണെന്നും അവ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 4ജി സേവനങ്ങള്‍ക്ക് ഉപയോഗിച്ചതുപോലെ തന്നെ 5ജി നെറ്റ് വര്‍ക്ക് വിന്യാസത്തിനും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്.
ഒരു തകരാറുമില്ലാതെ എല്ലാ ഉപകരണങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. 2025 ഡിസംബറോടെ ഡല്‍ഹിയിലും മുംബൈയിലും വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍ രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ നല്കിത്തുടങ്ങിയ സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ വൈകിയാണെങ്കിലും ഈ രംഗത്തേക്ക് വരുന്നത്.
ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 4ജി സേവനം ആരംഭിക്കാന്‍ വൈകിയതിനാല്‍ കമ്പനിക്ക് ധാരാളം വരിക്കാരെ നഷ്ടമായിരുന്നു. പലരും സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരിലേക്ക് മാറുകയും പുതിയ സിമ്മുകള്‍ എടുക്കുകയും ചെയ്തിരുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, തേജസ് നെറ്റ് വര്‍ക്സ്, സിഡോപ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനുള്ള കരാറാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. 25,000 കോടി രൂപയിലേറെയാണ് ഈ പദ്ധതിയുടെ ചെലവ്. നിലവില്‍ സ്ഥാപിക്കുന്ന ടവറുകള്‍ പിന്നീട് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുന്നതാണ്. ഇതുവരെ 95,000 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്.

