അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍, ബിഎസ്എന്‍എല്ലിന്റെ മുഴുവന്‍ സ്വദേശി 4ജി ടവറുകളും 5ജി നെറ്റ്വര്‍ക്കുകളിലേക്ക് മാറ്റുമെന്നാണ് ടെലിക്കോം മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ബിഎസ്എന്‍എല്‍ 5ജി വ്യാപനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം 5ജി ടവറുകളുടെ ഉടമയായി ബിഎസ്എന്‍എല്‍ മാറും എന്നും മന്ത്രി അറിയിച്ചിരുന്നു.
തുടക്കത്തില്‍ ഡല്‍ഹിയിലും മുംബൈയിലുമാകും ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുക എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിവേഗ വ്യാപനത്തിനായി 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന സ്വദേശി 4ജി ടെക്‌നോളജിയാണ് ബിഎസ്എന്‍എല്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 4ജി വ്യാപനം പോലെ തന്നെ 5ജി വ്യാപനത്തിന്റെ കാര്യത്തിലും സമയമെടുക്കുമെന്ന് കരുതേണ്ട എന്നാണ് റിപോര്‍ട്ടുകള്‍.
ഒരുലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ആണ് ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ബിഎസ്എന്‍എല്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 5ജി ടവറുകളായി അപ്‌ഗ്രേഡ് ചെയ്താല്‍ അത് ഇന്ത്യന്‍ ടെലിക്കോം വിപണിയിലെ നിലവിലെ വരിക്കാരുടെ കണക്കുകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ ടെലിക്കോം കമ്പനികള്‍ക്ക് ആയിരിക്കും ഈ മാറ്റം ഏറ്റവും കൊടുത്താല്‍ തിരിച്ചടിയാവുക. കാരണം ബിഎസ്എന്‍എല്‍ ഇതര ടെലിക്കോം കമ്പനികളെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 5ജി അവതരിപ്പിച്ചാലും സ്വകാര്യ കമ്പനികളുടെ അത്ര ഉയര്‍ന്ന നിരക്ക് ബിഎസ്എന്‍എല്‍ ഈടാക്കില്ല. കുറഞ്ഞ വിലയില്‍ 5ജി ലഭ്യമാകുന്നതിനാല്‍ വരിക്കാര്‍ ബിഎസ്എന്‍എല്ലിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

