വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ബിഎസ്എന്‍എല്‍

വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ബിഎസ്എന്‍എല്‍

നെറ്റ്‌വര്‍ക്ക് സംബന്ധിച്ച് വരിക്കാരില്‍ നിന്നും വ്യാപക വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും വരിക്കാരുടെ എണ്ണത്തില്‍ കുതിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ എന്നീ മൂന്ന് മാസങ്ങളില്‍ 20 ലക്ഷത്തിലധികം വയര്‍ലെസ് യൂസര്‍മാരെയാണ് പുതുതായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ചേര്‍ത്തതെന്ന് ട്രായ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയക്ക് (വി) ഇക്കഴിഞ്ഞ മൂന്ന് മാസത്തില്‍ 30 ലക്ഷത്തിലധികം വരിക്കാരെ നഷ്ടമായി. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം കുറഞ്ഞു. മുമ്പ് 17.44 ശതമാനമായിരുന്നു വിയുടെ മാര്‍ക്കറ്റ് ഷെയര്‍ എങ്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളില്‍ ഇത് 17.13 ശതമാനമാണ്. എന്നാല്‍ വിപണി വിഹിതത്തില്‍ ബിഎസ്എന്‍എല്ലിന് വര്‍ധനവുണ്ട്. ഉപഭോക്തൃ അടിത്തറയില്‍ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. ഒക്‌ടോബറില്‍ ജിയോ 19.7 ലക്ഷവും, എയര്‍ടെല്‍ 12.52 ലക്ഷവും, ബിഎസ്എന്‍എല്‍ 2.69 ലക്ഷവും വരിക്കാരെ പുതുതായി ചേര്‍ത്തു. എന്നാല്‍ വോഡഫോണ്‍ ഐഡിയക്ക് ഒക്‌ടോബറില്‍ 20.83 ലക്ഷം വരിക്കാരെ നഷ്ടമാവുകയാണ് ചെയ്തത്. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലിന്റെ വരിക്കാരുടെ എണ്ണവും കുറയുന്നതായി ട്രായ് പുറത്തുവിട്ട ഒക്‌ടോബര്‍ മാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

administrator

Related Articles