പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. പുതിയ റീചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ആര്‍ക്കെങ്കിലും ബി.എസ്.എന്‍.എല്‍. സെല്‍ഫ് കെയര്‍ ആപ്പ് വഴി 199നോ അതില്‍ കൂടുതലോ റീചാര്‍ജ് ചെയ്തു നല്‍കിയാല്‍ 2.5 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. എത്ര തവണ റീചാര്‍ജ് ചെയ്താലും ഈ ആനുകൂല്യം ലഭിക്കുമെന്നും ഈ പ്രത്യേക റീചാര്‍ജ് ഓഫര്‍ നവംബര്‍ 18 വരെ ലഭ്യമായിരിക്കുമെന്നും ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ അറിയിച്ചു.
ഈ കിഴിവ് ഓഫറിന് പുറമെ, ദീപാവലി സമ്മാനമായി ഒരു രൂപ മാത്രം വിലയുള്ള ഒരു പ്രൊമോഷണല്‍ പ്ലാന്‍ ബി.എസ്.എന്‍.എല്‍. പുതിയ വരിക്കാര്‍ക്കായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റിയില്‍ പരിധിയില്ലാത്ത വോയിസ് കോളുകളും (ലോക്കല്‍/എസ്ടിഡി) പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി.) വഴി വരുന്നവര്‍ ഉള്‍പ്പെടെയുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 15 വരെ ഈ പ്ലാന്‍ ലഭ്യമാണ്. 4ജി വിന്യാസത്തിന്റെ പശ്ചാത്തലത്തില്‍ ബി.എസ്.എന്‍.എല്ലിലേക്ക് ചേരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറില്‍ മാത്രം 524,014 പുതിയ വരിക്കാരെയാണ് നെറ്റ്വര്‍ക്കിലേക്ക് ചേര്‍ത്തത്.

