ഇന്ത്യയുടെ വിദൂര പ്രദേശങ്ങളില്‍ ടെലികോം സേവനങ്ങളുടെ താങ്ങാനാവുന്ന വിലയും ലഭ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തില്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) ഇന്ത്യ പോസ്റ്റും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം, പാന്‍ ഇന്ത്യയിലെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ക്കും മൊബൈല്‍ ചാര്‍ജറുകള്‍ക്കുമായി പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ആയി പ്രവര്‍ത്തിക്കും.
ഇതിലൂടെ ബിഎസ്എന്‍എല്‍ന്റെ ടെലികോം സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി സിം റീചാര്‍ജ്ജ് ചെയ്യാനും സിംകാര്‍ഡ് വാങ്ങാനും സാധിക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഈ സംവിധാനം കൂടുതല്‍ ഗുണം ചെയ്യും. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക, മൊബൈല്‍ സേവനങ്ങളുലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുക, സാമൂഹിക സാമ്പത്തിക വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോവുക ഇവയാണ് ലക്ഷ്യം.
രാജ്യത്തിന്റെ മുക്കിലും മൂലയിലും കണക്റ്റിവിറ്റി പലപ്പോഴും പരിമിതമാണ്. ഈ സേവനം വിദൂര സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി കൊണ്ടുവരും, കൂടാതെ പൗരന്മാര്‍ക്ക് നഗരങ്ങളിലേക്ക് പോകാതെയോ ദീര്‍ഘദൂര യാത്ര ചെയ്യാതെയോ സിം കാര്‍ഡുകള്‍ വാങ്ങാനും മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാനും കഴിയും. ഡിജിറ്റല്‍ ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, വിശാലമായ സാമൂഹികസാമ്പത്തിക വികസനം എന്നിവ കൈവരിക്കുന്നതിനും ഈ സഹകരണം പ്രവര്‍ത്തിക്കും.
ഈമാസം 17 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇത് പുതുക്കാനും സാധ്യതയുണ്ട്. ഡിഒപിയും ബിഎസ്എന്‍എല്ലും സംയുക്തമായി പങ്കാളിത്തം നിരീക്ഷിക്കുകയും സൈബര്‍ സുരക്ഷയും ഡേറ്റ സ്വകാര്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇന്ത്യാപോസ്റ്റും ബിഎസ്എന്‍എല്ലും അസമില്‍ ഇതിനോടകം ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്‍ സേവനങ്ങളുടെ വില്‍പ്പന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിന് മിക്കവാറും എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും തപാല്‍ വകുപ്പിന്റെ (ഡിഒപി) വിപുലമായ ശൃംഖലയില്‍ ഉള്‍പ്പെടും. കൂടാതെ, ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ശക്തമായ സാന്നിധ്യം ബിഎസ്എന്‍എല്ലിന് ഒരു മത്സര നേട്ടം നല്‍കും. സേവന കേന്ദ്രങ്ങളായി പോസ്റ്റ് ഓഫീസുകളെ ഉപയോഗപ്പെടുത്തുന്നതിലൂടെ, ബിഎസ്എന്‍എല്‍ അവസാന മൈലിലും തങ്ങളുടെ വ്യാപ്തി ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

