രാജ്യത്ത് ടെലികോം സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ 23,000 അധിക 4ജി ടവറുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി അറിയിച്ചു. ഇതിന് പിന്നാലെ ബിഎസ്എന്‍എല്ലിന്റെ 5ജി നെറ്റ്‌വര്‍ക്ക് വിന്യാസവും ആരംഭിക്കുമെന്ന് പെമ്മസാനി അറിയിച്ചതായി ഇക്കണോമിക് ടൈംസ് ടെലികോം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബിഎസ്എന്‍എല്ലിന് രാജ്യത്ത് ഏകദേശം 97,000 4ജി ടവറുകളാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. ഇതിന് പുറമേയാണ് 23,000 പുതിയ 4ജി ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ (BTS) കൂടി സജ്ജമാക്കുന്നത്. ഇതോടെ ഗ്രാമീണഅര്‍ധനഗര മേഖലകളിലെ നെറ്റ്‌വര്‍ക്ക് ഗുണനിലവാരം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
5ജി സേവനം ആരംഭിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ ബിഎസ്എന്‍എല്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനികള്‍ സ്ഥാപിക്കുന്ന 5ജി ടവറുകള്‍ റവന്യൂഷെയറിംഗ് മോഡലിലൂടെ ഉപയോഗപ്പെടുത്തുന്നതും, നിലവിലുള്ള 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമാണ് പ്രധാന സാധ്യതകള്‍. ഇതിനായി പരീക്ഷണ പദ്ധതികള്‍ ആരംഭിച്ചതായും, നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രശ്‌നങ്ങളും ഇതിനകം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യം രൂപീകരിച്ചാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നത്. ഒരു ലക്ഷം 4ജി സൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി 2023ല്‍ ടിസിഎസിന് ബിഎസ്എന്‍എല്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ നാല് പ്രവര്‍ത്തന മേഖലകളിലും 4ജി സേവനം ലഭ്യമാക്കി. ഇനി ഈ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതോടൊപ്പം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് ബിഎസ്എന്‍എല്ലിന്റെ അടുത്ത ലക്ഷ്യം.വികസന ഘട്ടത്തിലായിരുന്ന സാങ്കേതികവിദ്യയായതിനാല്‍ തുടക്കത്തില്‍ നെറ്റ്‌വര്‍ക്കില്‍ ചില തടസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അവയെല്ലാം ഇപ്പോള്‍ പൂര്‍ണമായി പരിഹരിച്ചിട്ടുണ്ടെന്നാണ് ചന്ദ്രശേഖര്‍ പെമ്മസാനി വ്യക്തമാക്കിയത്.

