ബിഗ് ബോസ് സീസണ്‍ സെവന്‍ ആദ്യ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. വീക്കെന്‍ഡ് എപ്പിസോഡും അതി ഗംഭീരമായി തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഞായറാഴ്ച ആദ്യ എവിക്ഷന്‍ പ്രക്രിയയിലൂടെ ഒരാള്‍ പുറത്തായതിന് പിന്നാലെയാണ് തിങ്കളാഴ്ച പുതിയൊരു പ്രമോ വീഡിയോ ബിഗ് ബോസ് പുറത്തുവിട്ടത്.
സീസണ്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്നാണ് ബിഗ് ബോസ് മത്സരാര്‍ഥികളോട് പറയുന്നത്. ‘ഇതൊരു പ്രധാന അറിയിപ്പാണ്. നിങ്ങളില്‍ നിന്നും യാതൊരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. സീസണ്‍ 7 ഇവിടെ വെച്ച് താത്കാലികമായി നിര്‍ത്തി വെക്കുകയാണ്,’ മത്സരാര്‍ഥികള്‍ എല്ലാവരും ലിവിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ബിഗ് ബോസിന്റെ അറിയിപ്പ് വന്നത്.
എന്താണ് കാരണമെന്ന് മത്സരാര്‍ഥികള്‍ ബിഗ് ബോസിനോട് ചോദിക്കുന്നുണ്ടെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയ മറ്റൊരു ഏഴിന്റെ പണിയാവാനാണ് സാധ്യതയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഷോ താത്കാലികമായി നിര്‍ത്തി വെക്കാനൊന്നും പോകുന്നില്ലെന്നും വ്യക്തമായി പറയാതെയുള്ള പ്രമോ ബിഗ് ബോസിന്റെ അടുത്ത പണി ആയിരിക്കുമെന്നും പ്രാങ്ക് ആയിരിക്കുമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരുടെ പ്രതികരണം.
‘ബിഗ് ബോസ് മലയാളം സീസണ്‍ 7ന് താത്കാലിക പരിസമാപ്തിയോ?’ എന്നാണ് ഏഷ്യാനെറ്റിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ തന്നെ കുറിച്ചിരിക്കുന്നത്. പരിപാടി നിര്‍ത്തിയെന്ന് ഏഷ്യാനെറ്റും സ്ഥിരീകരിച്ചിട്ടില്ല. ‘കൊണ്ടുവന്നതെല്ലാം വേസ്റ്റാണെന്ന് ഇപ്പോഴായിരിക്കും മനസ്സിലായത്’ എന്ന തരത്തിലുള്ള പരിഹാസ കമന്റുകളും ഈ പോസ്റ്റിന് താഴെ കാണാം.