ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു എക്കോ. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’. ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ഒരു ഭാഗത്ത് കൈയടി നേടുമ്പോള്‍ മറുഭാഗത്ത് ബോക്‌സോഫീസിലും തിളങ്ങുകയാണ് ‘എക്കോ’. ചിത്രത്തിന് വന്‍ മൗത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ റിലീസായി ഒരു ആഴ്ച പൂര്‍ത്തിയാക്കുമ്പോഴും തിയേറ്ററുകളില്‍ ജനത്തിരക്കിന് കുറവന്നുമില്ല.
ബാഹുല്‍ രമേശ് രചനയും ഛായാഗ്രഹണവും നിര്‍വഹിച്ച ‘എക്കോ’ നവംബര്‍ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരാഴ്ചക്കിടെ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 20.5 കോടിയിലേറെയാണെന്നാണ് വിവരം. പ്രവൃത്തിദിവസങ്ങളിലടക്കം കാര്യമായ നേട്ടം കൊയ്യാന്‍ ചിത്രത്തിനായി. ഔദ്യോഗിക കണക്കുകള്‍ നിര്‍മാതാക്കാള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കേരളത്തിലെ ബോക്‌സോഫീസും കീഴടക്കാന്‍ ‘എക്കോ’യ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.
സന്ദീപ് പ്രദീപാണ് ഈ മിസ്റ്ററി ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം ആണ് നിര്‍മാണം. ഇവരുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ‘എക്കോ’. സന്ദീപ് പ്രദീപിനൊപ്പം വിനീത്, നരേന്‍, ബിനു പപ്പു, അശോകന്‍, ബിയാന മോമിന്‍, സിം ഷി ഫെയ്, എന്‍ ജി ഹംഗ് ഷെന്‍, രഞ്ജിത്ത് ശേഖര്‍, സഹീര്‍ മുഹമ്മദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ‘കിഷ്‌കിന്ധകാണ്ഡം’ എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെയും ബാഹുല്‍ രമേശിന്റെയും വിജയ കൂട്ടുകെട്ട് ‘എക്കോ’യിലും തുടരുകയാണ്.

