കൊച്ചി: ടെക്നിക്കലി നന്നായി അപ്ഡേറ്റ് ചെയ്യുകയും ഡിജിറ്റൽ മീഡിയ നൽകുന്ന പുതിയ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് ഇക്കാലത്ത് പ്രാദേശിക ചാനലുകൾ ചെയ്യേണ്ടത് എന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. കേബിൾ ടിവി നെറ്റ് വർക്കുകൾ സാങ്കേതികമായി മുന്നേറിയിട്ടുണ്ട്. എന്നാൽ മാധ്യമപ്രവർത്തനം എന്ന നിലയിൽ പല പ്രാദേശിക മാധ്യമങ്ങളും പിന്നിലാണെന്ന് ന്യൂസ് മലയാളം 24×7 ന്യൂസ് എഡിറ്റര്‍ ടി.എം ഹര്‍ഷന്‍ അഭിപ്രായപ്പെട്ടു. മെഗാ കേബിൾ ഫെസ്റ്റിനോടാനുബന്ധിച്ച് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രാദേശിക ചാനൽ ഇന്ന്, നാളെ എന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി.പി.എസ് ശിൽപ്പശാലയിൽ അധ്യക്ഷത വഹിച്ചു.
“കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായത് പ്രാദേശിക ലേഖകർക്കും പ്രാദേശിക പത്രപ്രവർത്തകർക്കുമാണ്. മാധ്യമ പ്രവർത്തനം എന്നത് വളരെ റിസ്ക്കിയായ ജോലിയാണ് ഇന്ന്. അതിലും വലിയ വെല്ലുവിളിയാണ് പ്രാദേശിക പത്രപ്രവർത്തനം. മുഖ്യധാരാ മാധ്യമങ്ങളോട് കിടപിടിക്കും വിധത്തിലുള്ള കണ്ടന്റുകൾ നൽകാൻ പ്രാദേശിക ചാനലുകൾക്ക് കഴിയണം. ചിത്രീകരണം, അവതരണം, എഡിറ്റിംഗ് എന്നീ കാര്യങ്ങളിലൊക്കെ പുതുമ കൊണ്ടുവരണം. സോഷ്യൽ മീഡിയ വിദഗ്ദമായി ഉപയോഗിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എങ്ങനെ മുന്നോട്ടു പോകാം എന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇന്ന് ചിന്തിക്കുന്നത്. അതുകൊണ്ട് സാങ്കേതികമായി ഉണ്ടാകുന്ന മുന്നേറ്റങ്ങൾക്കൊപ്പം കണ്ടന്റുകളും മികച്ചതാക്കാൻ ശ്രമിക്കണമെന്നും ടി.എം ഹര്‍ഷന്‍ ചൂണ്ടിക്കാണ്ടി.
ചാനൽ ക്ലസ്റ്റർ- പ്രസക്തിയും സാധ്യതയും എന്ന വിഷയത്തിൽ സിഒഎ വൈസ് പ്രസിഡന്റ് എം. രാജ്മോഹൻ ക്ലാസെടുത്തു. സോഷ്യൽ മീഡിയയുടെ അതിപ്രസരം മാത്രമല്ല പ്രാദേശിക ചാനലുകൾ നേരിടുന്ന പ്രശ്‌നമെന്നും കാഴ്ച്ചാ ശീലങ്ങൾ മാറിയപ്പോൾ അതിനനുസരിച്ചുള്ള കണ്ടന്റുകൾ അവിടെ ഉണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും കാലഘട്ടത്തിനനുസരിച്ച് പ്രാദേശിക ചാനലുകളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തണമെന്നും സോഷ്യൽ മീഡിയ ആണ് പ്രാദേശിക ചാനലുകളുടെ ഏറ്റവും വലിയ പ്രതിയോഗി എന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രാദേശിക ചാനലുകൾ ഡിജിറ്റൽ കാലത്ത് എന്ന വിഷയത്തിൽ ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍ സംസാരിച്ചു. പ്രാദേശിക ചാനലുകളുടെ മുന്നേറ്റത്തിനുള്ള സാധ്യത ഹൈപ്പർ ലോക്കൽ കണ്ടന്റുകളെ മികച്ച രീതിയിൽ അവതരിപ്പിക്കുക എന്നതാണ്. നമ്മുടെ മിക്ക മാധ്യമങ്ങളും ഔപചാരിക സ്വഭാവത്തിലുള്ള വാർത്താവതരണ രീതിയിൽ നിന്ന് വളരെ പോപ്പുലറായ ഒരു ശൈലിയിലേക്ക് മാറി. എന്നാൽ പ്രാദേശിക ചാനലുകൾ കണ്ടന്റുകളിലും മറ്റും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഹൈപ്പർ ലോക്കൽ കണ്ടന്റുകളുടെ പ്രാധാന്യം തിരിച്ചറിഞ് പ്രവർത്തിക്കാൻ പ്രാദേശിക ചാനലുകൾക്ക് സാധിക്കണം. വലിയ കെട്ടിടം പണിയാലോ, സ്റ്റുഡിയോ ഉണ്ടാക്കലോ അല്ല ഇക്കാലത്ത് പ്രധാനം. നമ്മൾ കൊടുക്കുന്ന കണ്ടന്റുകളും മറ്റും മികച്ചതാക്കുകയാണ്, അവ കൂടുതൽ ആളുകളിൽ എത്തിക്കുകയാണ് വേണ്ടത്.
ശില്പശാലയിൽ സിഒഎ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ രജനീഷ്. പി.എസ് സ്വാഗതവും സിഒഎ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ ബിജുകുമാര്‍ നന്ദിയും പറഞ്ഞു. നിരവധി പ്രാദേശിക ചാനൽ പ്രവർത്തകർ പങ്കെടുത്തു.

