കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെക്കുറിച്ച് അമ്മ ഷീല കുറുവച്ചാലിൽ എഴുതിയ ഓർമ്മകൾ പുസ്തകമാകുന്നു. അർജുനെ കണ്ടെത്താനായി 72 ദിവസം നീണ്ട തിരച്ചിലും അക്കാലത്തെ സംഭവ വികാസങ്ങളുമാണ് പുസ്തകത്തിൻ്റെ മുഖ്യ പ്രമേയം. അർജുനെ കണ്ടെത്താനായി കേരളത്തിലെയും കർണ്ണാടകത്തിലെയും സർക്കാരും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും കൈകോർത്ത് നടത്തിയ പ്രവർത്തനങ്ങളും പുസ്തകം രേഖപ്പെടുത്തുന്നു. അര്ജുന് എന്റെ മകന് എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം കോഴിക്കോട്ട് നടന്നു.
കേരളവിഷൻ പബ്ലിക്കേഷൻസാണ് പുസ്തകത്തിൻ്റെ പ്രസാധകർ.
2024 ജൂലൈയിൽ ഷിരൂരില്‍ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിൽ അകപ്പെട്ട അർജുനായി പ്രാർഥിക്കുകയും കാത്തിരിക്കുകയും ചെയ്തത് ആ കുടുംബം മാത്രമായിരുന്നില്ല, ലോകമെങ്ങുമുള്ള മലയാളികളൊന്നടങ്കമായിരുന്നു.
ഒപ്പം നിന്നതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ 72 ദിവസത്തെ കാത്തിരിപ്പ് അമ്മ ഷീല കുറിച്ചു വയ്ക്കുന്നത്. ഈ സമയത്ത് സംഭവിച്ചതിൽ പുറം ലോകം അറിയാത്ത ചില കാര്യങ്ങൾ കൂടി പുസ്തകത്തിലുണ്ടെന്ന് അവർ പറഞ്ഞു.
എം.കെ. രാഘവന് – എംപി,കോഴിക്കോട് മേയര്‍ ഒ. സദാശിവന് കൈമാറി പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിർവ്വഹിച്ചു.
കേരളവിഷൻ ചെയർമാൻ കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ ബിജുലാൽ പി,
യു. രജനി, സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, കേരളവിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി, കേരളവിഷൻ പബ്ലിക്കേഷൻ എഡിറ്റർ എൻ.ഇ ഹരികുമാർ, സിഒഎ
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വാസുദേവൻ, സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.
അര്‍ജുന്റെ അച്ഛൻ പ്രേമൻ, ഭാര്യ കൃഷ്ണ, മകൻ, സഹോദരിമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

