സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അറട്ടൈ

സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അറട്ടൈ

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കി സോഹോ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഇന്ത്യന്‍ മെസ്സേജിംഗ് ആപ്പാണ് അറട്ടൈ. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഒരു എതിരാളിയായിട്ടാണ് അറട്ടൈ ആപ്പ് എത്തിയിരിക്കുന്നത്. എന്നിരുന്നാലും, ആപ്പിന് പെട്ടെന്നുണ്ടായ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ ഇതിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ചില സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് ഇപ്പോള്‍. അറട്ടൈ ആപ്പില്‍ സാധാരണ ചാറ്റ് സന്ദേശങ്ങള്‍ക്ക് ഡിഫോള്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല എന്ന പ്രശ്നമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വാട്‌സ്ആപ്പും മറ്റ് ജനപ്രിയ മെസേജിംഗ് ആപ്പുകളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു പ്രധാന പോരായ്മ ആണെന്ന് പല ഉപഭോക്താക്കളും വ്യക്തമാക്കുന്നു.

സ്വകാര്യതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സേവനമായാണ് സോഹോ അറട്ടൈയെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ഉപയോക്തൃ ഡാറ്റയും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം സ്റ്റാന്‍ഡേര്‍ഡ് സന്ദേശങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാത്തതില്‍ ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിന് മറുപടിയുമായി അറട്ടൈ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ ഔദ്യോഗിക അറട്ടൈ അക്കൗണ്ടിലൂടെയാണ് പ്രതികരണം വന്നത്. അറട്ടൈ യൂസര്‍മാര്‍ ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം അംഗീകരിക്കുകയും ചാറ്റുകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു സോഹോ അധികൃതര്‍.

administrator

Related Articles