ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ ആപ്പിള്‍ ഹെബ്ബാള്‍ എന്ന പേരില്‍ അടുത്തമാസം 2ന് ഉപഭോക്താക്കള്‍ക്കായി തുറക്കും. ഇത് ഇന്ത്യയിലെ സിലിക്കണ്‍ വാലിയില്‍ ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോറും രാജ്യത്ത് തുറക്കപ്പെടുന്ന മൂന്നാമത്തെ സ്റ്റോറുമാണ്. ദേശീയ പക്ഷിയായ മയിലിനോടുള്ള ആദരസൂചകമായി മനോഹരമായ മയില്‍പ്പീലി ചിത്രമുള്ള സ്റ്റോറിന്റെ ബാരിക്കേഡ് കഴിഞ്ഞദിവസം ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ ആപ്പിള്‍ പുറത്തിറക്കി.
ആപ്പിള്‍ ഹെബ്ബാളില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ക്രിയേറ്റീവുകള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കും. വിദഗ്ധ സഹായവും ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഉറപ്പാക്കും. ആപ്പിള്‍ ഇന്റലിജന്‍സ് മുതല്‍ മാകിന്റെ ഉല്‍പ്പാദനക്ഷമത വരെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ടുഡേ അറ്റ് ആപ്പിള്‍’ എന്ന എജ്യുക്കേഷന്‍ സെഷനുകളും ഇവിടെയുണ്ടാകുന്നതായിരിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആപ്പിള്‍ ഹെബ്ബാള്‍ വാള്‍പേപ്പറുകളും ബെംഗളൂരുവിന്റെ സംഗീതത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടപ്പെടുത്തിയതുമായ ഒരു പ്ലേലിസ്റ്റ് ആപ്പിള്‍ മ്യൂസിക് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഈ പ്ലേലിസ്റ്റ് സ്റ്റോര്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ്.
2023ല്‍ മുംബൈയിലെ ബി കെ സിയിലും ഡല്‍ഹിയിലെ സാകേതിലും ആപ്പിള്‍ സ്റ്റോറുകള്‍ വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് മൂന്നാമത് ഒരു സ്റ്റോറുകൂടി ആപ്പിള്‍ ആരംഭിക്കാന്‍ പോകുന്നത്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച മുംബൈയിലെയും ഡല്‍ഹിയിലെയും രണ്ട് സ്റ്റോറുകള്‍ വലിയ തരത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുകയും, ആദ്യ വര്‍ഷത്തില്‍ തന്നെ ഏകദേശം 800 കോടി വരുമാനം നേടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.