ആപ്പിളിന്റെ ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ആപ്പിള്‍ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവന്റിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഫോണ്‍ 17 സീരീസിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, ഐഫോണ്‍ 17 എയര്‍ മോഡല്‍, എയര്‍ പോഡ്‌സ് 3 പ്രോ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഈ വേദിയില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബര്‍ 9നാണ് ഐഫോണ്‍ പ്രേമികള്‍ക്കായി ഇവന്റ് ലോഞ്ച് നടത്തുക.
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എയറിന്റെ ലോഞ്ചും ഈ ചടങ്ങില്‍ വെച്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഒഎസ് 26 എന്ന യൂസര്‍ ഇന്റര്‍ഫേസില്‍ റീ ഡിസൈന്‍ ചെയ്ത മോഡലാണിത്. ‘WWDC 2025’ എന്ന ഇവന്റില്‍ സൂചന നല്‍കിയ ഐഫോണ്‍ 17 എയറിന്റെ ഔദ്യോഗികമായ ആദ്യ ലോഞ്ചിങ്ങാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. ഐഫോണ്‍ ഡിസൈനില്‍ കാര്യമായ പരിഷ്‌കരണം വരുത്തുന്നത് സമീപകാലത്ത് ആദ്യമായാണ്.
ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഇവന്റ് ആരംഭിക്കുക. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇക്കുറിയും വെര്‍ച്വല്‍ ലോഞ്ച് ഇവന്റാണ് ആപ്പിള്‍ സംഘടിപ്പിക്കുന്നത്. ഇതേ പരിപാടിയില്‍ ആപ്പിള്‍ വാച്ച് സീരീസ് 11, എയര്‍പോഡ്‌സ് പ്രോ 3 എന്നിവയും കമ്പനി പുറത്തിറക്കിയേക്കാം. കമ്പനിയുടെ യൂട്യൂബ് ചാനല്‍, ആപ്പിള്‍ ടിവി പ്ലസ് ആപ്പ്, Apple.com വെബ്‌സൈറ്റ് എന്നിവയിലൂടെയും തത്സമയം ഇവന്റ് സ്ട്രീം ചെയ്യും.