തങ്ങളുടെ ഉല്‍പ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഷവോമിക്ക് ലീഗല്‍ നോട്ടീസയച്ച് ആപ്പിളും സാംസങും. നോട്ടീസ് അയച്ചത്. ഷവോമിയുടെ ഉല്‍പ്പന്നങ്ങളെ ആപ്പിളിന്റെ ഐഫോണുകളുമായും സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണുകളും ടെലിവിഷനുകളുമായും നേരിട്ട് താരതമ്യം ചെയ്ത് അവയുടെ മൂല്യത്തെയും സാങ്കേതികവിദ്യയെയും ചോദ്യം ചെയ്യുന്ന പരസ്യങ്ങളാണ് ചെയ്യുന്നെന്ന് ആരോപിച്ചാണ് നിയമനടപടികള്‍ക്ക് കാരണം. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ മൂല്യം സംരക്ഷിക്കുക എന്നതാണ് ഈ നിയമനടപടിയുടെ ലക്ഷ്യം. ഷവോമിയുടെ പരസ്യങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തിന് ദോഷം വരുത്തിയതാണ് ഈ നോട്ടീസ് നല്‍കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ആപ്പിള്‍, സാംസങ്, ഷവോമി എന്നീ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലും ആപ്പിളിന്റെ ഐഫോണ്‍ 16 പ്രോ മാക്‌സിനെ ലക്ഷ്യമിട്ട് ഷവോമി ഫുള്‍ പേജ് പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഐഫോണിന്റെ വിലയും സവിശേഷതകളും ഷവോമിയുടെ 15 അള്‍ട്രാ മോഡലുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഈ പരസ്യം. ഐഫോണ്‍ ശരിക്കും ‘മികച്ചതാണോ’ എന്നും പരസ്യം ചോദ്യം ചെയ്തു. സാംസങിനെതിരെയും ഷവോമി സമാനമായ തന്ത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ഉപയോഗിച്ചു.
പിന്നീട് ഷവോമി തങ്ങളുടെ ക്യുഎല്‍ഇഡി ടെലിവിഷനുകളെ സാംസങിന്റെ എല്‍ഇഡി ടിവികളുമായി താരതമ്യം ചെയ്ത് പരസ്യം നല്‍കി. സാംസങ് ‘പഴയ സാങ്കേതികവിദ്യ’ അതേ വിലയ്ക്ക് നല്‍കുമ്പോള്‍, തങ്ങള്‍ ‘ഭാവി സാങ്കേതികവിദ്യ’ വാഗ്ദാനം ചെയ്യുന്നുവെന്നും ഷവോമി അവകാശപ്പെട്ടു.
നിലവില്‍ ആപ്പിളും സാംസങും നോട്ടീസ് മാത്രമാണ് നല്‍കിയിട്ടുള്ളതെങ്കിലും, സാഹചര്യം വഷളായാല്‍ ബ്രാന്‍ഡിനുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.