പുതിയ നിയമങ്ങളുമായി ആപ്പിളും ഗൂഗിളും വരുന്നു

പുതിയ നിയമങ്ങളുമായി ആപ്പിളും ഗൂഗിളും വരുന്നു

നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ വലിയ മാറ്റത്തിന് കളമൊരുങ്ങുകയാണ്. ഇന്റര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങളിലേക്ക് കുട്ടികള്‍ എളുപ്പത്തില്‍ എത്തുന്നതിന് തടയിടാന്‍ ആപ്പിളും ഗൂഗിളും നിര്‍ബന്ധിതരായേക്കാം. വെറുമൊരു മുന്നറിയിപ്പിലൊതുങ്ങാതെ, ഉപയോക്താവിന്റെ പ്രായം കൃത്യമായി തെളിയിച്ചാല്‍ മാത്രം ഇത്തരം സൈറ്റുകളോ ആപ്പുകളോ തുറക്കുന്ന രീതിയിലുള്ള കര്‍ശന നിയന്ത്രണമാണ് വരുന്നത്. യുകെയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന ഈ നടപടി ലോകമെമ്പാടുമുള്ള ടെക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, iOS, Android ഉപകരണങ്ങളുടെ പ്ലാറ്റ്‌ഫോം തലത്തില്‍ തന്നെ ഈ മാറ്റം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോണുകളില്‍ ബില്‍റ്റ്ഇന്‍ ആയിട്ടുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ (ഫേസ് ഐഡി, ഫിംഗര്‍പ്രിന്റ്) ഉപയോഗിച്ചോ അല്ലെങ്കില്‍ ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള ഔദ്യോഗിക ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചോ പ്രായം തെളിയിക്കേണ്ടി വരും. മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം പരീക്ഷിച്ച ശേഷം ക്രമേണ ഡെസ്‌ക്‌ടോപ്പ് പിസികളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആപ്പിളിന്റെയും ഗൂഗിളിന്റെയും സ്വന്തം ആപ്പുകളായ iMessage, Google Messages എന്നിവയില്‍ മാത്രമല്ല ഈ പ്രായപരിധി പരിശോധന ഉണ്ടാവുക. മറിച്ച്, വാട്‌സാപ്പ് (WhatsApp), സ്‌നാപ്ചാറ്റ് (Snapchat) തുടങ്ങി എല്ലാ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലും ഈ നിയന്ത്രണം കൊണ്ടുവരാന്‍ കമ്പനികള്‍ കൈകോര്‍ക്കേണ്ടി വരും. ഇതിനായി ഡെവലപ്പര്‍ തലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചുരുക്കത്തില്‍, ഏത് ആപ്പ് വഴിയായാലും അശ്ലീല ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവ് തന്റെ പ്രായം തെളിയിക്കാന്‍ നിര്‍ബന്ധിതനാകും.

administrator

Related Articles