ഇസ്രായേല്‍ ആക്രമണം; ഗാസയില്‍ ആറ് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ ആക്രമണം; ഗാസയില്‍ ആറ് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മൊയേമന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. അനസിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിക്ക് മുന്നിലായി തയ്യാറാക്കിയിട്ടുള്ള താല്‍കാലിക ഷെഡുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ അറിയിച്ചു. ഇവരെ കൂടാതെ രണ്ട് ഗാസ നിവാസികളും കൊല്ലപ്പെട്ടു.

ഗാസയിലെ പ്രമുഖരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു 28 കാരനായ അനസ് അല്‍ ഷെരീഫ്. തന്റെ ജീവന്‍ അപകടത്തിലാണെന്ന ഉത്തമബോധ്യത്തിലാണ് അനസ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഗാസയില്‍ റിപ്പോര്‍ട്ടിങ് നടത്തിയിരുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു അനസ് അല്‍ ഷെരീഫിന്റെ അവസാന റിപ്പോര്‍ട്ടിങ്. വടക്കന്‍ ഗാസയിലെ ശക്തമായ ബോംബാക്രമണങ്ങളായിരുന്നു ദൃശ്യങ്ങളില്‍. അനസിനെ ലക്ഷ്യം വെച്ചായിരുന്നു മാധ്യമ ക്യമ്പിന് നേരെ നടന്ന ആക്രമണം എന്നാണ് പുറത്തുവരുന്ന വിവരം.

അനസ് ഹമാസിന്റെ ഒരു സായുധ വിഭാഗത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ഇസ്രയേല്‍ സേന മുമ്പും പ്രചരിപ്പിച്ചിരുന്നു. ഇസ്രയേല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച ഘട്ടത്തില്‍ തന്നെ അനസിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സിജിപി) മുന്നറിയിപ്പ് നല്‍കിയിരുന്നു.

താന്‍ മരിക്കുകയാണെങ്കില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനുള്ള തന്റെ അവസാന സന്ദേശവും അനസ് തയ്യാറാക്കിയിരുന്നു. ‘വളച്ചൊടിക്കല്‍ ഇല്ലാതെ, സത്യം അതേപടി അറിയിക്കാന്‍ ഞാന്‍ ഒരിക്കലും മടിച്ചിട്ടില്ല. നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും കീറിമുറിച്ച ശരീരങ്ങളോ, ഒന്നര വര്‍ഷത്തിലേറെയായി നമ്മുടെ ജനങ്ങള്‍ക്ക് മേല്‍ നടത്തിയ കൂട്ടക്കൊലകളോ തടയാന്‍ നടപടിയെടുക്കാന്‍ അവരെ പ്രേരിപ്പിച്ചില്ല. ചങ്ങലകള്‍ നിങ്ങളെ നിശബ്ദരാക്കാനോ അതിര്‍ത്തികള്‍ നിങ്ങളെ പിന്നോട്ട് വലിക്കാനോ അനുവദിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ തട്ടിയെടുക്കപ്പെട്ട മാതൃരാജ്യത്തിന് മുകളില്‍ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യന്‍ ഉദിക്കുന്നത് വരെ, നാടിന്റെയും ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകുക,’ അനസ് കുറിച്ചുവെച്ചു.

അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അനുശോചനം രേഖപ്പെടുത്തി. ഗാസയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി സ്വതന്ത്രമായും ഭയമില്ലാതെയും ചെയ്യാന്‍ കഴിയാന്‍ സാഹചര്യമുണ്ടാക്കണമെന്നും ഡുജാറിക് പറഞ്ഞു. ഈ സംഭവത്തോടെ 2023 ഒക്ടോബര്‍ ഏഴിന് ഗാസയിലും ഫലസ്തീനിലുമടക്കം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ജേണലിസ്റ്റുകളുടെ എണ്ണം 186 ആയി.

administrator

Related Articles