മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ ജനകീയ ചലച്ചിത്ര സംരംഭം ഒഡേസ മൂവീസിൻ്റെയും അമ്മ അറിയാൻ സിനിമയുടെയും അമരക്കാരായ അമ്മദിനെയും സി.എം.വൈ. മൂർത്തിയെയും ആദരിച്ചു. ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയും അമ്മ അറിയാൻ കലക്ടീവുമാണ് ആദര സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊയിലാണ്ടി, മേപ്പയൂർ, നിടുമ്പോയിലിലെ അമ്മദിന്റെ വീട്ടിലായിരുന്നു പരിപാടി നടന്നത്.
അമ്മ അറിയൻ കളക്ടീവ് / മീഡിയ സ്റ്റഡി സെന്റർ പ്രവർത്തകർ അമ്മദിന്റെ വീട്ടിൽ ഒത്തുചേർന്ന് സ്നേഹാദരങ്ങൾ നൽകി. 1980 കളുടെ തുടക്കത്തിൽ ഫറൂഖ് ആർട്ട്സ് കോളേജിൽ ആരംഭിച്ച ബോധി ഫിലിം സൊസൈറ്റിയുടെ സംഘാടനം മുതൽ ഒഡേസ്സ മൂവീസിന്റെ ആരംഭത്തിലും “അമ്മ അറിയാൻ” എന്ന ജനകീയ സിനിമയുടെ നിർമ്മാണ കാലത്തും അമ്മദും മൂർത്തിയും ഒരുമിച്ചായിരുന്നു മുൻകൈയ്യെടുത്തിരുന്നത്. ഒഡേസ്സ മൂവീസിന്റെ തുടക്കം ഫറൂഖ് സോമൻ ചീഫ് കോ ഓർഡിനേറ്റർ ആയി 7 കോ ഓർഡിനേറ്റർമാരുള്ള കമ്മിറ്റി ആയിരുന്നു. അതിലും ഇവർ രണ്ടു പേരും ഉണ്ടായിരുന്നു. തുടർന്ന് അമ്മ അറിയാൻ സിനിമയുടെ നിർമ്മാണം ആരംഭിക്കുന്ന സമയത്ത് മധു മാസ്റ്ററെ പ്രസിഡന്റായും മൂർത്തിയെ സെക്രട്ടറിയായുo തെരഞ്ഞെടുത്തു. അങ്ങനെ നിയമപരമായി മുഴുവൻ ഉത്തരവാദിത്വo ഏറ്റെടുക്കുന്ന ഒരാൾ എന്ന നിലക്ക് അമ്മ അറിയാൻ നിർമ്മാണ ത്തിന് ചിത്രാഞ്ജലി സ്റ്റുഡിയോയുമായുള്ള കരാറിൽ ഒപ്പ് വെച്ചത് ഒഡേസ്സ മൂവീസിന്റെ സെക്രട്ടറി ആയ മൂർത്തി ആയിരുന്നു. സി.എം.വൈ.മൂർത്തി അമ്മ അറിയാൻ സിനിമയുടെ പ്രൊഡ്യൂസർ ആയി. ഒഡേസ്സയോടും ജോൺ അബ്രഹാമിനോടുമൊപ്പം അമ്മദ് എന്ന മുൻ സൈനികൻ നെട്ടെല്ലായി നിന്നതു കൊണ്ട് മാത്രമാണ് അമ്മ അറിയാൻ എന്ന ജനകീയ സിനിമ യാഥാർത്ഥ്യമായത്.
ജോൺ അബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ജനകീയ സിനിമയായ അമ്മ അറിയാൻ ഒഡേസ മൂവീസ് ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെയാണ് നിർമ്മിച്ചത്.

അമ്മ അറിയാൻ കളക്ടീവ്, മീഡിയ സ്റ്റഡി സെന്റർ പ്രവർത്തകരുടെ ഒത്തുചേരലും ഒഡേസ അമ്മദിന്റെ വീട്ടിൽ നടന്നു. ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ മെമന്റോ കെ.ജെ. തോമസും അമ്മ അറിയാൻ കളക്ടീവിന്റെയും മീഡിയ സ്റ്റഡി സെന്ററിന്റെയും മെമന്റോ ജയറാം ചെറുവാറ്റയും പ്രസന്നൻ പുതിയ തെരുവും ചേർന്ന് സമർപ്പിച്ചു.

അമ്മ അറിയാൻ കളക്ടീവ് കോഡിനേറ്റർ സ്കറിയാ മാത്യു അധ്യക്ഷത ചടങ്ങിൽ വഹിച്ചു. കൃഷ്ണകുമാർ ശൂരനാട്, പ്രമുഖ മാധ്യമ പ്രവർത്തകനായ ഇബ്രാഹിം കോട്ടക്കൽ , അനീസ് ബാബു, വി.എം. പ്രേംകുമാർ, ചലച്ചിത്ര സംവിധായകൻ ശ്രീകൃഷ്ണൻ, ചിത്രകാരൻ കെ.സി. മഹേഷ്, യൂനസ് മുസല്യാരകത്ത്, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ഒഡേസ്സ 1984 ൽ ആരംഭിച്ച് 41 വർഷമാകുമ്പോഴാണ് അമ്മദും മൂർത്തിയും ആദരിക്കപ്പെടുന്നത്.