വിജയ് ആരോധകർ ആവേശപൂർവം കാത്തിരിക്കുന്ന സിനിമയാണ് ‘ജനനായകൻ’. ടിവികെ നേതാവ് കൂടിയായ വിജയിയുടെ അവസാന ചിത്രമാണെന്ന് പറയപ്പെടുന്ന ഈ ചിത്രം സെൻസർ ബോർഡിന്റെ നൂലാമാലകളിൽ കുടുങ്ങിക്കിടപ്പാണ്. ഇപ്പോഴിതാ സിനിമ വീണ്ടും തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
‘ജനനായകന്റെ’ ഒടിടി സ്ട്രീമിങ് കരാർ റദ്ദാക്കിയെന്നാണ് ഏറ്റവും പുതിയ വിവരം. ആമസോൺ ആയിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. എന്നാലിപ്പോൾ കരാറിൽ നിന്ന് ആമസോൺ പ്രൈം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ ആയതോടെയാണ് പിന്മാറ്റമെന്നും വാർത്തകളിൽ പറയുന്നു. ഏകദേശം 120 കോടി രൂപയ്ക്കാണ് നേരത്തെ ആമസോൺ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം.
2026 ജനുവരി 9നാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ യഥാസമയം അനുമതി നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഡിജിറ്റൽ റിലീസ് പദ്ധതികളും എങ്ങുമെത്താതായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചിത്രം ഇനി തിയേറ്ററുകളിൽ എത്തുകയുള്ളൂ എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
സിബിഎഫ്സിയുടെ പരിശോധനാ സമിതിയിലെ ഒരു അംഗം ചിത്രത്തിലെ ഏതാനും രംഗങ്ങളെക്കുറിച്ച് എതിർപ്പ് ഉന്നയിച്ചതോടെയാണ് സർട്ടിഫിക്കേഷൻ പ്രശ്നം ആരംഭിച്ചത്. എതിർപ്പുകൾ കാരണം, നേരിട്ടുള്ള ഉത്തരത്തിന് പകരം ചിത്രം ഒരു റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു.
മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സിബിഎഫ്സിക്ക് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയെങ്കിലും, മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. പിന്നീട്, സുപ്രീം കോടതിയും ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നാണ് കേസ് തുടരുന്നതിനുപകരം ചിത്രം വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് സമർപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.

