എഐ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവം സൃഷ്ടിക്കുമ്പോള്‍ കുടുംബബന്ധങ്ങളിലും അത് സ്വാധീനം ചെലുത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഐ. ഒരു ‘പകരക്കാരന് രക്ഷകര്‍ത്താവി’ന്റെ സ്ഥാനം ഏറ്റെടുക്കുന്നതായി വിവോ ഇന്ത്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇതിന്റെ ഫലമായി നാലിലൊന്ന് കുട്ടികളും മാതാപിതാക്കളുമായി സംസാരിക്കുന്നത് ഗണ്യമായി കുറച്ചതായാണ് പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. സാങ്കേതികവിദ്യയുടെ ഈ വളര്‍ച്ച, കുട്ടികളുടെ വൈകാരികവും സാമൂഹികപരവുമായ വികാസത്തെ എങ്ങനെ ബാധിക്കുമെന്നും കുടുംബബന്ധങ്ങളുടെ നിലനില്‍പ്പിനെ എത്രത്തോളം ചോദ്യം ചെയ്യുമെന്നും ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. എ.ഐ. അധിഷ്ഠിത ഉപകരണങ്ങളായ ചാറ്റ്ബോട്ടുകളും വോയ്സ് അസിസ്റ്റന്റുകളും ഇന്ന് കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലും വിനോദം നല്‍കുന്നതിലും മുന്‍പന്തിയില്‍ നില്ക്കുമ്പോള്, യഥാര്‍ത്ഥ മനുഷ്യബന്ധങ്ങള്‍ അവിടെ വഴിമാറിപ്പോകുകയാണോ എന്ന ആശങ്ക വര്‍ധിക്കുകയാണ്.
കുട്ടികള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഇന്നത്തെ കാലത്ത് മാതാപിതാക്കളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് പ്രധാന മാറ്റം. സങ്കീര്‍ണമായ കണക്കുകള്‍ മുതല്‍ പ്രപഞ്ചരഹസ്യങ്ങള്‍ വരെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാറ്റ്ബോട്ടുകള്‍ മറുപടി നല്‍കും. ഈ ഉടനടിയുള്ള പ്രതികരണവും ഇടപെടലും കുട്ടികളെ എ.ഐ. അസിസ്റ്റന്റുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.
തിരക്കിട്ട ജീവിത സാഹചര്യങ്ങളില്‍ പല മാതാപിതാക്കള്‍ക്കും കുട്ടികളുടെ ഓരോ ചോദ്യത്തിനും വിശദമായി മറുപടി നല്കാന് സാധിക്കാറില്ല. ഈ വിടവ് നികത്താന്‍ എ.ഐ. ഉപകരണങ്ങള്‍ സന്നദ്ധമാവുന്നതോടെ, കുട്ടികള്‍ ഏറ്റവും ലളിതമായ സംശയങ്ങള്‍ പോലും മാതാപിതാക്കളോട് ചോദിക്കാതെ എ.ഐ.യോട് ചോദിച്ചു തുടങ്ങുന്നു.

