എത്ര വികസിതമായ എഐ സാങ്കേതികവിദ്യ വന്നാലും കല സൃഷ്ടിക്കുന്ന കാര്യത്തില്‍ മനുഷ്യന് പകരമാകാന്‍ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകന് ജെയിംസ് കാമറൂണ്‍. ഡിസംബര്‍ 19-ന് തിയറ്ററുകളിലെത്തുന്ന തന്റെ പുതിയ ചിത്രമായ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’മായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടാണ് കലാസൃഷ്ടികള്‍ ഉണ്ടാകുന്നത്. ഇതിനെയൊന്നും ഒരു എഐക്കും അനുകരിക്കാന്‍ കഴിയില്ല. സര്‍ഗാത്മകത ഉപബോധമനസ്സില്‍ നിന്ന് ഉരിത്തിരിയുന്നതിനാല് അതിന്റെ കണക്കെടുപ്പും അസാധ്യമാണെന്ന് കാമറൂണ്‍ വ്യക്തമാക്കി. കലാകാരന്മാരുടെ കയ്യില്‍ തന്നെയാണ് സകല നിയന്ത്രണവും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് സിനിമകള്‍ക്ക് തിരക്കഥയെഴുതാന്‍ എഐ ടൂളിന്റെ ആവശ്യമില്ലെന്നും, ചിലപ്പോള്‍ 20 വര്‍ഷത്തിന് ശേഷം എഐ മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാര്‍ നേടിയാല്‍ മാത്രം അതിനെ ഗൗരവമായി എടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ചിത്രങ്ങളെപ്പോലെ മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷി’ല്‍ പ്രമേയത്തില്‍ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളില്‍ മനുഷ്യരും നാവി വര്‍ഗ്ഗവും തമ്മിലുള്ള പോരാട്ടമായിരുന്നുവെങ്കില്‍, ഇത്തവണ നാവി ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന സിവില്‍ വാര് ആണ് പ്രധാന വിഷയം.

