ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിപ്ലവകരമായ ഒരു മാറ്റത്തിനൊരുങ്ങുന്നു. ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ കാണേണ്ട പോസ്റ്റുകളും റീലുകളും ഇനി ഉപയോക്താക്കൾക്ക് സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പുത്തൻ ഫീച്ചറാണ് കമ്പനി ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡിനെ നിയന്ത്രിക്കുന്ന അൽഗോരിതം ഇനി നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം.
നിലവിൽ നമ്മൾ ഇൻസ്റ്റഗ്രാമിൽ കാണുന്ന പോസ്റ്റുകൾ, നമ്മൾ മുൻപ് ലൈക്ക് ചെയ്തതോ തിരഞ്ഞതോ ആയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം അൽഗോരിതം സ്വയം തീരുമാനിക്കുന്നവയാണ്. പലപ്പോഴും നമുക്ക് താല്പര്യമില്ലാത്ത ഉള്ളടക്കങ്ങളും ഇതുവഴി ഫീഡിൽ വരാറുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ, ഏത് തരത്തിലുള്ള അൽഗോരിതമാണ് നിങ്ങളുടെ അക്കൗണ്ടിൽ പ്രവർത്തിക്കേണ്ടതെന്ന് നിങ്ങൾക്ക് നേരിട്ട് തീരുമാനിക്കാം. നിലവിൽ എന്ത് കാണണം എന്ന് മാറ്റണമെങ്കിൽ സെറ്റിങ്സിൽ പോയി വലിയ പ്രക്രിയകളിലൂടെ കടന്നുപോകണം. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ, ഹോം പേജ് സ്ക്രോൾ ചെയ്യുമ്പോൾ തന്നെ അൽഗോരിതം മാറ്റാനുള്ള ഓപ്ഷൻ സ്ക്രീനിൽ തെളിഞ്ഞുവരും. ഇൻസ്റ്റാഗ്രാം മേധാവിയായ ആദം മൊസേരി ഉപയോക്താക്കളുടെ അനുഭവം കൂടുതൽ എളുപ്പമാക്കുന്നതിനായി ഈ അടുത്ത് നിരവധി ഫീച്ചറുകൾ പരീക്ഷിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റവും.

