ഇൻസ്റ്റാഗ്രാമിൽ 20,000-ൽ അധികം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

ഇൻസ്റ്റാഗ്രാമിൽ 20,000-ൽ അധികം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

മെറ്റയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സംവിധാനത്തിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ആഗോളതലത്തിൽ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മെറ്റ സ്ഥിരീകരിച്ചു. അക്കൗണ്ടുകൾ തിരികെ ലഭിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ‘ഹൈ ടച്ച് സപ്പോർട്ട്’ എന്ന നിർമിത ബുദ്ധി ടൂളിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. പ്രധാനമായും ടു-ഫാക്ടർ ഓതന്റിക്കേഷൻ ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ ഹാക്കിങ് ബാധിച്ചത്.

ഹാക്കർമാർ ഈ സംവിധാനത്തെ കബളിപ്പിച്ച രീതി ഇങ്ങനെയാണ്. അക്കൗണ്ട് റിക്കവറിക്ക് നൽകുന്ന ഇമെയിൽ വിലാസം യഥാർത്ഥ അക്കൗണ്ടുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കുന്നതിൽ എ.ഐ സംവിധാനം പരാജയപ്പെട്ടു. ഇത് മുതലെടുത്ത്, ഹാക്കർമാർ സ്വന്തം ഇമെയിൽ വിലാസങ്ങൾ ഇരകളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും പാസ്‌വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകൾ തട്ടിയെടുക്കുകയുമായിരുന്നു. ലൊക്കേഷൻ മറച്ചുവെക്കാൻ വി.പി.എൻ സൗകര്യങ്ങളും ഇവർ ഉപയോഗിച്ചു.

ഏപ്രിൽ 17-ന് തുടങ്ങിയ ആക്രമണം മെയ് 31-നാണ് മെറ്റ കണ്ടെത്തുന്നത്. ബരാക് ഒബാമ, വൈറ്റ് ഹൗസ്, സെഫോറ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകൾ ഉൾപ്പെടെ ഈ ഹാക്കിങ്ങിന് ഇരയായി. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഹാക്കർമാരുടെ കൈവശമെത്തിയതായി കമ്പനി അറിയിച്ചു.

പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായി മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ആൻഡി സ്റ്റോൺ അറിയിച്ചു. എച്ച്.ടി.എസ് സിസ്റ്റം താൽക്കാലികമായി നിർത്തിവെക്കുകയും ഇതിലൂടെയുണ്ടായ എല്ലാ റിക്കവറി ലിങ്കുകളും അസാധുവാക്കുകയും ചെയ്തു. ബാധിക്കപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ അക്കൗണ്ടുകളിലേക്ക് വീണ്ടും പ്രവേശനം നൽകൂ എന്നും മെറ്റ വ്യക്തമാക്കി.

administrator

Related Articles