അഭിജിത് ദീപ്കെ സ്ഥാപിച്ച ‘കോക്രോച്ച് ജനത പാർട്ടി’ക്ക് ഒടുവിൽ ആം ആദ്മി പാർട്ടിയുടെ ഗതിയായിരിക്കുമെന്ന് മേജർ രവി. അണ്ണാ ഹസാരെയെ മുൻനിർത്തി അരവിന്ദ് കെജ്രിവാൾ നടത്തിയ നാടകങ്ങൾക്ക് സമാനമാണ് ഇവിടെയും നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ പേര് പറഞ്ഞെത്തുന്നവർക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും, തട്ടിപ്പുകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടിയെ ജനങ്ങൾ ചൂലെടുത്ത് ഓടിച്ചതുപോലെ ഇവർക്കും സംഭവിക്കുമെന്നും മേജർ രവി മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിയുടെ പ്രവർത്തനരീതികളെയും മേജർ രവി രൂക്ഷമായി വിമർശിച്ചു. തങ്ങളുടെ ഭാവി എന്താണെന്ന് പോലും അറിയാതെ അന്ധമായി വിശ്വസിച്ച് പിന്നാലെ പോകുന്ന യുവാക്കൾ വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നത്. നേതാവിന് പോലും കൃത്യമായ മുഖമില്ലാത്ത ഈ പ്രസ്ഥാനത്തിൽ ഒരുമിച്ചു കൂടിയിരിക്കുന്നവർക്ക് പരസ്പരം പോലും അറിയില്ലെന്നും, ഇതൊരു വലിയ സുരക്ഷാ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

