ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ വരുന്നു

ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ വരുന്നു

സ്മാർട്ട്‌ഫോൺ വിപണിയിൽ വമ്പൻ ബ്രാൻഡുകളെല്ലാം ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കി കഴിഞ്ഞെങ്കിലും, ആപ്പിൾ മാത്രം ഇതുവരെ ആ വഴിക്ക് നീങ്ങിയിരുന്നില്ല. എന്നാൽ, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ടെക് ലോകത്ത് നിറയുന്നത്. ‘ഐഫോൺ ഫോൾഡ്’ എന്നോ ‘ഐഫോൺ അൾട്രാ’ എന്നോ പേരിട്ടേക്കാവുന്ന ഈ വിപ്ലവകരമായ ഡിവൈസിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള സൂചനകൾ വ്യക്തമാക്കുന്ന ഡമ്മി ചിത്രങ്ങൾ പുറത്തുവന്നു.

പ്രശസ്ത ടിപ്സ്റ്റർ സോണി ഡിക്‌സൺ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം, ഗൂഗിൾ പിക്സൽ ഫോൾഡിന് സമാനമായ ‘പാസ്‌പോർട്ട്’ ശൈലിയിലുള്ള മടക്കാവുന്ന രൂപകൽപ്പനയായിരിക്കും ഇതിനുണ്ടാവുക. ഫോണിന്റെ പിൻഭാഗത്ത് തിരശ്ചീനമായി ക്രമീകരിച്ചിരിക്കുന്ന പിൽ ആകൃതിയിലുള്ള ക്യാമറ മോഡ്യൂളും ശ്രദ്ധേയമാണ്. വോളിയം ബട്ടണുകൾ സാധാരണപോലെ വശങ്ങൾക്ക് പകരം മുകൾ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പവർ ബട്ടൺ പതിവുപോലെ വശത്തുതന്നെയായിരിക്കും ഉണ്ടാവുക.

ഏകദേശം 7.8 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ ഒഎൽഇഡി സ്ക്രീനായിരിക്കും ഇതിന്റെ അകത്തളത്തിൽ ഉണ്ടാവുക. ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌പ്ലേയാകും ഇത്. പുറംഭാഗത്ത് 5.5 ഇഞ്ച് സ്ക്രീനും സെൽഫികൾക്കായി പഞ്ച്-ഹോൾ ഡിസൈനും ഉൾപ്പെടുത്തിയേക്കാം. ഹാർഡ്‌വെയറിന്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 2 നാനോമീറ്റർ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക A20 പ്രോ ചിപ്പും 12GB റാമും 1TB വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. 48 മെഗാപിക്സൽ വീതമുള്ള മെയിൻ, അൾട്രാ-വൈഡ് ഡ്യുവൽ ക്യാമറ സംവിധാനവും ഇതിൽ ഉൾപ്പെടും.

administrator

Related Articles