ആഗോള ബോക്സോഫീസിൽ റെക്കോർഡ് തകർത്ത് മുന്നേറിയ മൈക്കിൾ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മൈക്കിൾ. തീയേറ്ററിൽ ഈ വിഷ്വൽ ട്രീറ്റ് മിസ് ആയവർക്ക് ഇനി ചിത്രം വീട്ടിലിരുന്ന് കാണാം. ജോൺ ലോഗൻ തിരക്കഥയെഴുതി അന്റോണിയോ ഫുക്കുഗ സംവിധാനം ചെയ്ത ചിത്രമാണ് മൈക്കിൾ.
1960കളിൽ അദ്ദേഹത്തിന്റെ സഹോദരിമാർ ചേർന്ന് ആരംഭിച്ച കുടുംബ കൂട്ടായ്മയിലൂടെ ആണ് മൈക്കിൾ ജാക്സന്റെ ജീവിത കഥ ചിത്രം പറയുന്നത്. പിതാവ് ജോ ജാക്സന്റെ നേതൃത്വത്തിൽ വളർന്ന ഈ ഗ്രൂപ്പ് പ്രാദേശിക വേദികളിൽ നിന്ന് അതിവേഗം ലോകവേദികൾ കീഴടക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായക കാലഘട്ടത്തിലൂടെ ആണ് ചിത്രം കഥ പറയുന്നത്.
വേദികളിൽ തിളങ്ങുന്ന മൈക്കിൾ എന്ന കലാകാരന്റെയും ആ നിലയിലേക്ക് എത്താൻ മൈക്കിൾ കടന്നു പോയ സമ്മർദ്ദങ്ങളും ചിത്രം ഒരുപോലെ വരച്ചിടുന്നു. മൈക്കിളായി വേഷമിടുന്നത് അദ്ദേഹത്തിന്റെ സഹോദരി പുത്രൻ ജാഫർ ജാക്സൺ ആണ്. ജാഫറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ഇതിന്റെ രണ്ടാം ഭാഗത്തിനായുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈക്കിളിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്. ജൂൺ ഒമ്പത് മുതൽ ചിത്രം ആമസോൺ പ്രൈംമിൽ കാണാം.

