തെന്നിന്ത്യൻ സിനിമാ ലോകത്ത് പുതിയ കളക്ഷൻ റെക്കോർഡുകളുമായി അർജുൻ സർജ ചിത്രം ‘ബ്ലാസ്റ്റ്’ മുന്നേറുന്നു. മെയ് 28-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ഈ ഫാമിലി ആക്ഷൻ എന്റർടൈനർ ചിത്രത്തിന് എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ 37 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 30 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം ഏഴ് കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു.
ഒരു കരാട്ടെ മാസ്റ്ററും അദ്ദേഹത്തിന്റെ കുടുംബവും, അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളും തുടർന്നുണ്ടാകുന്ന ഉദ്വേഗഭരതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുനൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരുടെ മൂവരുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റായി പ്രേക്ഷകർ വിലയിരുത്തുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച് വൻ ലാഭം കൊയ്യുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ‘ബ്ലാസ്റ്റ്’ ഇതോടെ ഇടംപിടിച്ചു കഴിഞ്ഞു.

