സോഷ്യൽ മീഡിയാ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മെറ്റ. ഫേസ്ബുക്ക് ക്രിയേറ്റർമാർക്ക് വലിയൊരു ആശ്വാസമായി ‘ക്രിയേറ്റർ അസിസ്റ്റന്റ്’ എന്ന പുതിയ എഐ ടൂൾ അവതരിപ്പിച്ചു. ക്രിയേറ്റർ ഡാഷ്‌ബോർഡിൽ നേരിട്ട് ലഭ്യമാകുന്ന ഈ സംഭാഷണ അധിഷ്ഠിത എഐ, കണ്ടന്റ് ക്രിയേറ്റർമാരുടെ പ്രകടനം വിശകലനം ചെയ്യാനും, പ്രേക്ഷകരുടെ ഇടപെടലുകൾ മനസിലാക്കാനും, പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു. അമേരിക്ക, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഒരു ‘ബ്രെയിൻസ്റ്റോമിങ് പാർട്ണറെ’ പോലെയാണ് ഈ ടൂൾ പ്രവർത്തിക്കുന്നത്. തങ്ങളുടെ വീഡിയോകൾക്ക് എന്തുകൊണ്ട് കൂടുതൽ റീച്ച് ലഭിക്കുന്നു, പ്രേക്ഷകരുടെ താൽപ്പര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ക്രിയേറ്റർമാർക്ക് ഇനി ഡാഷ്‌ബോർഡിൽ തന്നെ ഉത്തരം ലഭിക്കും. ഇതിനുപുറമെ, ട്രെൻഡിങ്ങിലുള്ള ഓഡിയോകൾ, സാംസ്കാരികമായ പ്രത്യേകതകൾ എന്നിവ അടിസ്ഥാനമാക്കി പുതിയ വീഡിയോ ആശയങ്ങൾ നിർദ്ദേശിക്കാനും ഈ എഐ സഹായിക്കും. ഒന്നിലധികം അനലിറ്റിക്സ് ഡാഷ്‌ബോർഡുകൾ പരിശോധിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി, ലളിതമായ രീതിയിൽ വിവരങ്ങൾ വിശകലനം ചെയ്യാൻ ഈ ടൂൾ വഴി സാധിക്കും.

