കാനിൽ ചരിത്രം രചിച്ച് ‘അമ്മ അറിയാൻ’

കാനിൽ ചരിത്രം രചിച്ച് ‘അമ്മ അറിയാൻ’

79-ാമത് കാൻ ചലച്ചിത്രമേളയിൽ മലയാള സിനിമയുടെ യശസ്സുയർത്തി ജോൺ എബ്രഹാമിന്റെ മാസ്റ്റർപീസ് ചിത്രം ‘അമ്മ അറിയാൻ’. മേളയിലെ പ്രശസ്തമായ ‘കാൻ ക്ലാസിക്‌സ്’ വിഭാഗത്തിലാണ് 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രദർശിപ്പിച്ചത്. ഈ വർഷത്തെ കാൻ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രവും, ആകെ പ്രദർശിപ്പിക്കപ്പെട്ട രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നുമാണ് ‘അമ്മ അറിയാൻ’.

അത്യന്തം ആവേശകരമായ റെഡ് കാർപെറ്റ് ചടങ്ങിൽ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത നടൻ ജോയ് മാത്യുവും എഡിറ്റർ ബീനാ പോളും പങ്കെടുത്തു. ചിത്രത്തിന്റെ 4കെ റെസ്റ്റോറേഷൻ സാധ്യമാക്കിയ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിങ് ദുംഗർപൂരും ഇവർക്കൊപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ വേണു റെസ്റ്ററേഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായെങ്കിലും ചടങ്ങിൽ നേരിട്ടെത്തിയില്ല. ജനം പിരിച്ചെടുത്ത പണം കൊണ്ട് ‘ഒഡേസ കളക്ടീവ്’ നിർമ്മിച്ച ഈ ചിത്രം, കേരളത്തിലെ രാഷ്ട്രീയ വിപ്ലവവീര്യവും യൗവനത്തിന്റെ സംഘർഷങ്ങളും ഒരു യുവാവിന്റെ മരണവാർത്ത അമ്മയെ അറിയിക്കാൻ പോകുന്ന സുഹൃത്തുക്കളുടെ യാത്രയിലൂടെയാണ് അവതരിപ്പിച്ചത്.

administrator

Related Articles