ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ‘മിന്നൽ’ റോബോട്ട്

ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ‘മിന്നൽ’ റോബോട്ട്

2026 ഏപ്രിലിൽ ചൈനയിലെ തെരുവുകൾ സാക്ഷ്യം വഹിച്ചത് കേവലം ഒരു മത്സരത്തിനല്ല, മറിച്ച് മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു പുതിയ യുഗപ്പിറവിക്കാണ്. ‘ബെയ്ജിംഗ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തൺ’ ലോകത്തെ ഞെട്ടിച്ചത് അതിന്റെ ഫലം കൊണ്ടാണ്. 21.1 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റ് 26 സെക്കൻഡിൽ ഓടിത്തീർത്ത ‘ലൈറ്റ്‌നിംഗ എന്ന റോബോട്ട്, മനുഷ്യവർഗ്ഗത്തിന്റെ ഇതുവരെയുള്ള എല്ലാ റെക്കോർഡുകളെയും പഴങ്കഥയാക്കിയിരിക്കുന്നു.കഴിഞ്ഞ വർഷത്തെ ഇതേ മത്സരത്തിൽ ഏറ്റവും വേഗതയേറിയ റോബോട്ട് ഫിനിഷ് ചെയ്യാൻ എടുത്തത് 2 മണിക്കൂർ 40 മിനിറ്റായിരുന്നു. എന്നാൽ വെറും 12 മാസത്തിനുള്ളിൽ ആ സമയം 50 മിനിറ്റിലേക്ക് ചുരുങ്ങിയത് ചൈനീസ് റോബോട്ടിക്സ് മേഖലയിലെ അവിശ്വസനീയമായ വളർച്ചയെ സൂചിപ്പിക്കുന്നു. ഹോണർ എന്ന സ്മാർട്ട്ഫോൺ ഭീമൻ വികസിപ്പിച്ചെടുത്ത റോബോട്ടുകളാണ് ഇത്തവണ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത്. മനുഷ്യ ലോക റെക്കോർഡ് ജേതാവ് ജേക്കബ് കിപ്ലിമോയുടെ 57:20 എന്ന സമയത്തേക്കാൾ ഏകദേശം 7 മിനിറ്റ് കുറവാണിത്.

ഒരു റോബോട്ട് ഇത്രയും വേഗത്തിൽ ഓടുമ്പോൾ അതിന്റെ മോട്ടോറുകളും പ്രോസസറുകളും അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ലിക്വിഡ് കൂളിംഗ് സിസ്റ്റം ആണ് എൻജിനീയർമാർ റോബോട്ടുകളിൽ ഘടിപ്പിച്ചത്. ഓട്ടത്തിനിടയിൽ ഉണ്ടാകുന്ന താപോർജ്ജത്തെ കൃത്യമായി നിയന്ത്രിക്കാൻ ഇത് സഹായിച്ചു. കൂടാതെ, ലോകോത്തര അത്‌ലറ്റുകളുടെ ഓട്ടത്തിന്റെ രീതി അനുകരിക്കുന്നതിനായി 90 മുതൽ 95 സെന്റിമീറ്റർ വരെ നീളമുള്ള പാദങ്ങളാണ് റോബോട്ടിന് നൽകിയത്.

ചൈനയുടെ അത്യാധുനിക 5G ശൃംഖലയുടെ കരുത്തിലാണ് ഈ റോബോട്ടുകൾ തത്സമയ നിയന്ത്രണവും ഡാറ്റാ നിരീക്ഷണവും സാധ്യമാക്കിയത്. ഓട്ടത്തിനിടയിലെ ഓരോ സെക്കൻഡിലും റോബോട്ടിന്റെ വേഗത, ചലനം, ഊഷ്മാവ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ ക്ലൗഡ് സർവറുകളിലേക്ക് അതിവേഗം കൈമാറുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ മിനിമം ലാറ്റൻസിയിൽ വിശകലനം ചെയ്യുന്നതിലൂടെ, ട്രാക്കിലെ മാറ്റങ്ങൾക്കനുസരിച്ച് റോബോട്ടിന്റെ പ്രവർത്തനങ്ങൾ അപ്പപ്പോൾ ക്രമീകരിക്കാൻ സാങ്കേതിക വിദഗ്ധർക്ക് സാധിക്കുന്നു. ഈ ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനം റോബോട്ടുകളെ ഒരു യന്ത്രം എന്നതിലുപരി സജീവമായ ഒരു നെറ്റ്‌വർക്കിന്റെ ഭാഗമാക്കി മാറ്റുന്നു.

administrator

Related Articles