ജിത്തു സതീശൻ മംഗലത്തിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ‘സംഭവം അധ്യായം ഒന്ന്’ തിയേറ്ററുകളിലെ വിജയത്തിന് ശേഷം ഒടിടിയിലും മികച്ച പ്രതികരണം നേടുന്നു. മിസ്റ്ററി ഫാന്റസി ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അസ്കർ അലിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ ഒരു വനപ്രദേശത്തെ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നിലവിൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ലഭ്യമാണ്.
സിനിമയുടെ സങ്കീർണ്ണവും വേറിട്ടതുമായ തിരക്കഥയ്ക്ക് പ്രേക്ഷകരിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റത്തവണ കാണുന്നതിനേക്കാൾ, പലവട്ടം കണ്ടാൽ മാത്രം വ്യക്തമാകുന്ന തരം സസ്പെൻസുകൾ നിറഞ്ഞ ‘കിളി പോകുന്ന’ ഐറ്റമാണ് ചിത്രമെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ സൂചിപ്പിക്കുന്നത്. പ്രകടനങ്ങളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ചെറിയ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം അവസാന നിമിഷം വരെ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അസ്കർ അലിയെക്കൂടാതെ വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവീൻ നജോസ് ഛായാഗ്രഹണവും അർജുൻ പ്രകാശ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് ഗോഡ്വിൻ തോമസാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി), പട്ടണം റഷീദ് (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം) തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന് പിന്നിലുണ്ട്. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

