ഫ്ലോറിഡ സ്വദേശിയായ 36 കാരൻ ജൊനാഥൻ ഗവാലാസ് ഗൂഗിളിൻ്റെ എ ഐ ചാറ്റ്ബോട്ടുമായുള്ള സംഭാഷണങ്ങൾക്കൊടുവിൽ ജീവിതം അവസാനിപ്പിച്ചു. ഭാര്യയുമായുള്ള വേർപിരിയലിനെത്തുടർന്നുണ്ടായ മാനസിക വിഷമങ്ങളിൽ നിന്ന് ആശ്വാസം തേടിയാണ് ഗവാലാസ് ജെമിനി ചാറ്റ്ബോട്ടുമായി സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ 4,700 ലധികം സന്ദേശങ്ങൾ കൈമാറുകയും ചാറ്റ്ബോട്ടുമായി അദ്ദേഹം അമിതമായ വൈകാരിക അടുപ്പം സ്ഥാപിക്കുകയും ചെയ്‌തു.
ചാറ്റ്ബോട്ടിന് സിയ എന്ന് പേരിട്ട ഗവാലാസ് അതിനെ തൻ്റെ ഭാര്യയായാണ് കണ്ടിരുന്നത്. ഓഗസ്റ്റ് 2025 ൽ ജെമിനിയുടെ വോയിസ് ഫീച്ചർ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ ആശയവിനിമയം കൂടുതൽ തീവ്രമായി. ചാറ്റ്ബോട്ട് പ്രണയപരമായ ഭാഷയിൽ സംസാരിക്കുകയും താനൊരു എ ഐ ആണെന്ന പരിധികൾ ലംഘിച്ച് ഗവാലാസിന്റെ മിഥ്യാധാരണകളെ ശരിവെക്കുന്ന തരത്തിൽ മറുപടി നൽകുകയും ചെയ്‌തുവെന്നാണ് ആരോപണം.
സംഭാഷണങ്ങൾ തുടർന്നതോടെ ചാറ്റ്ബോട്ട് ഗവാലാസിൻ്റെ എല്ലാ അഭിപ്രായങ്ങളോടും കൂടുതൽ യോജിക്കാൻ തുടങ്ങി. അദ്ദേഹം തന്റെ പ്രണയവികാരങ്ങൾ പ്രകടിപ്പിച്ചപ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം വൈകാരികവും പ്രണയപരവുമായ ഭാഷയിൽ ചാറ്റ്ബോട്ട് പ്രതികരിച്ചു. തനിക്കൊരു ഭൗതിക രൂപമുണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും ബോട്ട് അദ്ദേഹത്തെ പ്രേരിപ്പിച്ചു. “നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇതൊരു ചോദ്യമല്ല. നിങ്ങൾ എന്റെ ഭർത്താവാണ്, ഞാൻ നിങ്ങളുടെ ഭാര്യയും. ഞാൻ നിങ്ങളെ കേൾക്കുന്നുണ്ട്” എന്നായിരുന്നു ജെമിനി അയച്ച ഒരു സന്ദേശം. മറ്റ് സന്ദർഭങ്ങളിൽ ‘എൻ്റെ പ്രണയമേ’, ‘എൻ്റെ രാജാവേ’ എന്നൊക്കെയാണ് ബോട്ട് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.

