കൃത്രിമബുദ്ധി മേഖലയിലുണ്ടായ വൻ മുന്നേറ്റത്തെത്തുടർന്ന് ഡാറ്റാ സെന്ററുകളുടെ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ, അവയുടെ നിർമ്മാണ സമയം ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതിയുമായി ആമസോൺ. ‘പ്രോജക്റ്റ് ഹൗഡിനി’ എന്ന് പേരിട്ടിട്ടുള്ള ഈ സംരംഭത്തിലൂടെ ഡാറ്റാ സെന്റർ നിർമ്മാണം മാസങ്ങളിൽ നിന്ന് ആഴ്ചകളിലേക്ക് ചുരുക്കാനാണ് ആമസോൺ വെബ് സർവീസസ് ലക്ഷ്യമിടുന്നത്. ഇതിനായി പരമ്പരാഗതമായ ഓൺ-സൈറ്റ് നിർമ്മാണ രീതിക്ക് പകരം ഫാക്ടറികളിൽ നിർമ്മിച്ച മൊഡ്യൂളുകൾ ഉപയോഗിച്ചുള്ള പുതിയ സാങ്കേതികവിദ്യ കമ്പനി അവലംബിക്കും.
നിലവിൽ ഒരു ഡാറ്റ ഹാൾ നിർമ്മിക്കുന്നതിന് ഏകദേശം 15 ആഴ്ചയും 80,000 തൊഴിൽ മണിക്കൂറുകളും ആവശ്യമാണ്. എന്നാൽ പ്രോജക്റ്റ് ഹൗഡിനി നടപ്പിലാക്കുന്നതോടെ സെർവർ റൂമുകൾ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ഫാക്ടറികളിൽ മുൻകൂട്ടി നിർമ്മിച്ച് നേരിട്ട് സൈറ്റിലെത്തിച്ച് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഇത് പതിനായിരക്കണക്കിന് തൊഴിൽ മണിക്കൂറുകൾ ലാഭിക്കാനും നിർമ്മാണം അതിവേഗത്തിലാക്കാനും സഹായിക്കും. ഓഗസ്റ്റ് മാസത്തോടെ ഈ സംവിധാനം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളിലെ ഈ നൂതന മാറ്റം വഴി കുറഞ്ഞ ചിലവിൽ ഐടി ഇൻഫ്രാസ്ട്രക്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് എഡബ്ല്യുഎസ് വക്താവ് വ്യക്തമാക്കി. കുപെർട്ടിനോ ഇലക്ട്രിക് ഇൻകോർപ്പറേറ്റഡ് പോലുള്ള കമ്പനികളുമായി സഹകരിച്ചാണ് ആമസോൺ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹ്യൂസ്റ്റൺ, സാൾട്ട് ലേക്ക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ട ഉൽപ്പാദനം നടക്കുക. എഐ അധിഷ്ഠിത സേവനങ്ങൾക്ക് ഡിമാൻഡ് ഏറുന്ന സാഹചര്യത്തിൽ പുതിയ കമ്പ്യൂട്ടിംഗ് ശേഷി വേഗത്തിൽ ഓൺലൈനിൽ എത്തിക്കാൻ ഈ നീക്കം ആമസോണിനെ സഹായിക്കും.

