ക്യാമറ പ്രേമികളെ ആവേശത്തിലാഴ്ത്തി വിവോയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വിവോ X300 അൾട്ര മെയ് ഏഴിന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. സ്മാർട്ട്ഫോൺ ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകുന്ന ഇരട്ട 200 മെഗാപിക്സൽ ക്യാമറ സംവിധാനമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഇതിൽ ഒന്ന് പ്രധാന സെൻസറും രണ്ടാമത്തേത് 105x ഡിജിറ്റൽ സൂം വരെയുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമാണ്. ലോംഗ് റേഞ്ച് ഫോട്ടോഗ്രഫിയിൽ വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ ആഗ്രഹിക്കുന്നവർക്കായി മികച്ച ഫീച്ചറുകളാണ് വിവോ ഈ മോഡലിൽ ഒരുക്കിയിരിക്കുന്നത്.
6.82 ഇഞ്ച് 2K LTPO OLED ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിന് കരുത്ത് പകരുന്നത് അത്യാധുനിക സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും സെൽഫി ക്യാമറയും ഇതിലുണ്ട്. ഒരു ദിവസത്തിലധികം ചാർജ് നിൽക്കുന്ന 7,000 mAh കരുത്തുറ്റ ബാറ്ററി ഇതിലുണ്ടാകുമെന്നാണ് സൂചന. പ്രകടനം കൊണ്ടും സാങ്കേതിക വിദ്യ കൊണ്ടും വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകൾക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ അൾട്ര മോഡൽ ഉയർത്തുക.
ഫ്ലാറ്റ് എഡ്ജ് ഫ്രെയിമും വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളും ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ചൈനയിൽ ഏകദേശം 95,700 രൂപയ്ക്ക് പുറത്തിറങ്ങിയ ഈ മോഡലിന് ഇന്ത്യയിൽ എത്തുമ്പോൾ വിലയിൽ വർദ്ധനവ് ഉണ്ടായേക്കാം. എക്സ് 300 പ്രോ മോഡലിന് തന്നെ ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള സാഹചര്യത്തിൽ, അൾട്ര മോഡലിന് അതിലും ഉയർന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. മെയ് 14 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചനകൾ. ലക്ഷ്വറി സ്മാർട്ട്ഫോൺ വിപണിയിൽ വിവോയുടെ കരുത്ത് തെളിയിക്കുന്ന ഒന്നായിരിക്കും ഈ ലോഞ്ച്.

