മാക്ഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ആപ്പുകൾ ഉപയോഗിക്കുന്നവർക്കായി ഓപ്പൺഎഐ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചാറ്റ്ജിപിടി ഡെസ്‌ക്‌ടോപ്പ്, കോഡെക്‌സ് എന്നിവയുൾപ്പെടെയുള്ള ആപ്പുകൾ ഉടൻ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു. മാർച്ച് 31-ന് നടന്ന ഒരു സപ്ലൈ ചെയിൻ ആക്രമണത്തെ തുടർന്നാണ് ഈ സുരക്ഷാ മുൻകരുതൽ. ആപ്പുകളുടെ ആധികാരികത ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ‘ആക്‌സിയോസ്’ എന്ന തേർഡ് പാർട്ടി ടൂളിനെ ലക്ഷ്യമിട്ടാണ് ഹാക്കർമാർ ആക്രമണം നടത്തിയത്.
ഡെവലപ്പർമാർക്കിടയിൽ പ്രചാരമുള്ള ആക്‌സിയോസ് ടൂൾ വഴിയുണ്ടായ ഈ കടന്നുകയറ്റം ഓപ്പൺഎഐയുടെ ഓട്ടോമേറ്റഡ് സംവിധാനമായ ഗിറ്റ് ഹബ് ആക്ഷൻസിൽ ദോഷകരമായ കോഡ് പ്രവർത്തിക്കാൻ കാരണമായതായി കമ്പനി കണ്ടെത്തി. എന്നിരുന്നാലും, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ കമ്പനിയുടെ ആന്തരിക സിസ്റ്റങ്ങളോ ഈ ആക്രമണത്തിൽ ബാധിക്കപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. സുരക്ഷാ സർട്ടിഫിക്കറ്റുകൾ മോഷ്ടിക്കാൻ ഹാക്കർമാർക്ക് സാധിച്ചിട്ടില്ലെങ്കിലും, ഭാവിയിലെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി പഴയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി പുതിയവ അവതരിപ്പിക്കാനാണ് ഓപ്പൺഎഐയുടെ തീരുമാനം.
ഈ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി, പഴയ പതിപ്പുകളിലുള്ള ചാറ്റ്ജിപിടി ഡെസ്‌ക്‌ടോപ്പ്, കോഡെക്‌സ് ആപ്പ്, കോഡെക്‌സ് സിഎൽഐ, അറ്റ്‌ലസ് എന്നീ ആപ്പുകൾക്കുള്ള പിന്തുണ കമ്പനി അവസാനിപ്പിക്കുകയാണ്. 2026 മെയ് 8-ന് ശേഷം ഈ പഴയ പതിപ്പുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകും. അതിനാൽ ഉപയോക്താക്കൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, വിൻഡോസ്, ലിനക്സ് തുടങ്ങിയ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ ഉപയോക്താക്കളെ ഈ പ്രശ്നം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

