തൻ്റെ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്ന കാര്യത്തിൽ ആമിർ ഖാൻ പുലർത്തിയിരുന്ന കർക്കശമായ നിലപാടുകളിൽ അപ്രതീക്ഷിത മാറ്റം. ‘സിതാരെ സമീൻ പർ’ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലും ആറു മാസത്തേക്ക് റിലീസ് ചെയ്യില്ലെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സോണി ലൈവ് സ്വന്തമാക്കിയെന്ന ഔദ്യോഗിക വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തിയേറ്ററുകളിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉടൻ എത്തുമെന്ന് സോണി ലൈവ് സ്ഥിരീകരിച്ചു കഴിഞ്ഞു.
2025 ജൂണിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ആറു മാസത്തെ കാത്തിരിപ്പ് ഒഴിവാക്കി നേരത്തെ തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നത് ആരാധകരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് പിന്നാലെ യൂട്യൂബിൽ റെൻ്റൽ അടിസ്ഥാനത്തിൽ ലഭ്യമായ ചിത്രം, ഇനി മുതൽ സോണി ലൈവിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
സോണി ലൈവ് പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്യുന്ന ആദ്യത്തെ ഹിന്ദി തിയേറ്റർ ചിത്രം എന്ന ചരിത്രനേട്ടവും ഈ ആമിർ ഖാൻ ചിത്രത്തിന് സ്വന്തമാണ്. നിലപാട് തിരുത്തിയ ആമിറിൻ്റെ ഈ നീക്കം ബോളിവുഡിലെ ഒടിടി സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

