ചന്ദ്രനിൽ നഗരം നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ്. ചൊവ്വയിൽ മനുഷ്യനായി വാസസ്ഥലം ഒരുക്കുന്ന പദ്ധതിയിൽ മാറ്റംവരുത്തിക്കൊണ്ട് ചന്ദ്രനിൽ വാസസ്ഥലം നിർമിക്കാനാണ് കമ്പനിയിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്പേസ്എക്സ് ചന്ദ്രനിൽ നഗരം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പത്ത് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. ചൊവ്വയിൽ മനുഷ്യവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് ഇരുപതിലധികം വർഷമെടുക്കുമെന്നും മസ്ക് എക്സ് പോസ്റ്റിൽ കുറിച്ചു.
ചന്ദ്രനിലേക്ക് ഓരോ പത്ത് ദിവസം കൂടുമ്പോഴും യാത്ര ചെയ്യാനാകും. രണ്ട് ദിവസമാണ് ഓരോ യാത്രയ്ക്കും ആവശ്യം. എന്നാൽ 26 മാസത്തിലൊരിക്കൽ മാത്രമേ ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. ആറ് മാസമാണ് ഇതിനായെടുക്കുന്ന കാലതാമസം. ചന്ദ്രനിൽ നഗരം നിർമ്മിക്കാനായി കമ്പനിയെ പ്രേരിപ്പിച്ച ഘടകവും ഇത് തന്നെയാണ്. കൂടാതെ മനുഷ്യരാശിയുടെ പുരോഗതിക്കായാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും മസ്ക് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

