16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്‌പെയിനും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി സ്‌പെയിൻ മാറി. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
നിരോധനത്തിന് പാർലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവന്ന ലോകത്തിലെ ആദ്യത്തെ രാജ്യം കൂടിയായി ഓസ്‌ട്രേലിയ മാറുകയും ചെയ്തു. പിന്നാലെയാണ് സമാന തീരുമാനവുമായി മറ്റ് രാജ്യങ്ങളും ഇത്തരത്തിൽ മുന്നോട്ട് വരുന്നത്.
ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും പ്രായപരിധി പരിഗണിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.16 വയസിൽ താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തണോ വേണ്ടയോ എന്നതിനെക്കുറിച്ച് യുകെ സർക്കാർ കൂടിയാലോചന ആരംഭിച്ചുകഴിഞ്ഞു .
അതേസമയം നിരോധനങ്ങൾ ഫലപ്രദമല്ലെന്നും നടപ്പിലാക്കാൻ പ്രയാസമാണെന്നും ആണ് സോഷ്യൽ മീഡിയ കമ്പനികളുടെ വാദം. ദുർബലരായ കൗമാരക്കാരെ ഒറ്റപ്പെടുത്താൻ ഇതിലൂടെ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയയുടെ നിരോധനത്തെ റെഡ്ഡിറ്റ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ ആസക്തി, ദുരുപയോഗം, അശ്ലീലം, കൃത്രിമത്വം, അക്രമം എന്നിവയുടെ ഒരു സ്ഥലമായി സോഷ്യൽ മീഡിയ മാറിയെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ചൂണ്ടിക്കാട്ടി. അത് ഇനി അംഗീകരിക്കില്ലെന്നും കുട്ടികളെ തങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

