മലയാള വാർത്ത ചാനലുകൾ തമ്മിലുള്ള കിടമത്സരം ദിനംപ്രതിയെന്നോണം വർധിച്ചു വരുന്ന കാഴ്ച്ചകളാണ് നമ്മളിപ്പോൾ കണ്ടുക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് മലയാള വാർത്ത ചാനലുകൾക്കിടയിലേക്ക് ബിഗ് ടിവി എന്നൊരു പുതിയ സാറ്റലൈറ്റ് ചാനൽ കൂടി എത്തുന്നത്.
ഏറെ വൈകാതെ തന്നെ ബിഗ് ടിവി സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് വിവരം.
ചാനലിന്റെ മുഖമായ സുജയ പാര്‍വ്വതി ചീഫ് എഡിറ്ററായി കഴിഞ്ഞ ദിവസം ചുമതലയേറ്റ വിവരവും പുറത്തുവന്നിരുന്നു.
സുജയ പാര്‍വ്വതിയെ വെല്‍ക്കം കേക്ക് മുറിച്ചാണ് അനില്‍ അയിരൂരും സംഘവും സ്വീകരണം ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന മാധ്യമ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വാര്‍ത്താവതാരകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലക്ഷ്മി പത്മ നേടിയിരുന്നു. ഇതിന്റെ ആഘോഷവും ബിഗ് ടിവിയില്‍ നടന്നു.
സുജയ പാര്‍വ്വതി ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തതോടെ ചാനല്‍ സംപ്രേക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിയിലെ സ്റ്റുഡിയോ സജ്ജമാകുന്നത് വരെ ഹൈദരാബാദില്‍ നിന്നാകും സംപ്രേക്ഷണം തുടങ്ങുക എന്നുമാണ് ലഭിക്കുന്ന വിവരം. മാധ്യമ ലോകത്തു നിന്നും ഇനിയും പ്രമുഖര്‍ ചാനലില്‍ എത്തുമെന്നാണ് സൂചനകള്‍.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജിവെച്ച സുജയ പാര്‍വ്വതി പത്ത് ലക്ഷം രൂപ മാസശമ്പളത്തിലാണ് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നു എന്നണ് നേരത്തെ പുറത്തുവന്ന വിവരം. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ മാധ്യമപ്രവര്‍ത്തകയായി സുജയ മാറി.
അതേസമയം തന്നെ മാറ്റു ചാനലുകളിൽ നിന്നും നിരവധി മാധ്യമപ്രവർത്തകരെ ബിഗ് ടിവിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും വിവരമുണ്ട്.
അനിൽ അയരൂരിന്റെ നേതൃത്വത്തിൽ എത്തുന്ന ബിഗ് ടിവി ഇതിനോടകം തന്നെ എൺപതിലധികം മാധ്യമപ്രവർത്തകരെ വിവിധ ചാനലുകളിൽ നിന്നായി റിക്രൂട്ട് ചെയ്തുകഴിഞ്ഞു. വേണു ബാലകൃഷ്ണൻ, ലക്ഷ്മി പത്മ, അപർണ്ണ കുറുപ്പ് തുടങ്ങിയ പ്രമുഖരടങ്ങുന്ന വൻ നിരയാണ് പുതിയ ചാനലിനായി അണിനിരക്കുന്നത്.
രാജ്യത്തെ പ്രമുഖ മീഡിയ ശൃംഖലകളിൽ ഒന്നായ ബിഗ് ടെലിവിഷൻ നെറ്റ്വർക്കിന്റെ ഭാഗമാണ് ബിഗ് ടിവി. നിലവിൽ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുള്ളത്. തമിഴിലും ബിഗ് ടിവി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. വാർത്താ ചാനലുകളിൽ തിളങ്ങി നിൽക്കുന്ന നിരവധി പ്രമുഖ മാധ്യമപ്രവർത്തകരെ തങ്ങൾക്കൊപ്പം ചേർക്കുകയാണ് ബിഗ് ടിവി. അക്കൂട്ടത്തിൽ സെലിബ്രിറ്റി സ്റ്റാറ്റസുള്ള അവതാരകരും റിപ്പോർട്ടർമാരും ഉണ്ട്. വൻ പാക്കേജിലാണ് പ്രമുഖ ചാനലുകൾ വിട്ട് സ്റ്റാർ അവതാരകർ ബിഗ് ടിവിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

