31 വർഷങ്ങൾക്ക് ശേഷം അടൂർ- മമ്മൂട്ടി കൂട്ടുകെട്ടിൽ ‘പദയാത്ര’ വരുന്നു

31 വർഷങ്ങൾക്ക് ശേഷം അടൂർ- മമ്മൂട്ടി കൂട്ടുകെട്ടിൽ ‘പദയാത്ര’ വരുന്നു

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ‘പദയാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമാണിത്.
തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് പദയാത്ര ഒരുങ്ങുന്നതെന്നാണ് സൂചനകൾ. 1950-കളിലെ കുട്ടനാട്ടിലെ കർഷക ജീവിതം പറഞ്ഞ നോവലാണ് രണ്ടിടങ്ങഴി. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അനു സിത്താരയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അടൂരും കെ വി മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു.
1994-ൽ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം, നീണ്ട 31 വർഷങ്ങൾ കഴിഞ്ഞാണ് ഈ സുവർണ്ണ ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇതിനുമുമ്പ് മതിലുകൾ, അനന്തരം, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ ലോകനിലവാരത്തിലുള്ള സിനിമാനുഭവങ്ങളാണ് ഇവർ സമ്മാനിച്ചത്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡ് ലഭിച്ചപ്പോൾ, വിധേയനിലെ ഭാസ്കര പട്ടേലർ എന്ന കഥാപാത്രം അദ്ദേഹത്തിന് മറ്റൊരു ദേശീയ പുരസ്കാരം കൂടി നേടിക്കൊടുത്തു. 2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

administrator

Related Articles